പനാജി: ഗോവയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള മുതിർന്ന ദേശീയ നേതാക്കളും കേന്ദ്ര മന്ത്രിമാരും ബിജെപി സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തും.
വടക്കൻ ഗോവയിലെ 20 കേന്ദ്രങ്ങളിൽ 6 ന് വൈകീട്ട് 4 മണിക്ക് നടക്കുന്ന വെർച്വൽ റാലികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. പാർട്ടിയുടെ പ്രകടന പത്രികയും അന്ന് പുറത്തിറക്കുമെന്ന് ബിജെപി ഗോവ സംസ്ഥാന ഘടകം അറിയിച്ചു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് പ്രകടനപത്രിക പുറത്തിറക്കുക.
സമൂഹത്തിന്റെ അടിത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ചാണ് പ്രകടന പത്രിക തയ്യാറാക്കിയതെന്ന് നേതാക്കൾ പറഞ്ഞു. സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് ആവശ്യമായ ശക്തമായ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ള പ്രകടനപത്രികയാണ് പുറത്തിറക്കുകയെന്നും ബിജെപി നേതാക്കൾ കൂട്ടിച്ചേർത്തു.
കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് നടപ്പിലാക്കുമെന്ന് ഉറപ്പ് നൽകിയ വാഗ്ദാനങ്ങളെല്ലാം പാർട്ടിക്ക് പാലിക്കാൻ കഴിഞ്ഞെന്നും നേതാക്കൾ പറഞ്ഞു. ഈമാസം 14 നാണ് സംസ്ഥാനത്തെ വോട്ടെടുപ്പ്. ഒറ്റ ഘട്ടമായി ആകെയുള്ള 40 സീറ്റുകളിലേയ്‌ക്കും തിരഞ്ഞെടുപ്പ് നടക്കും.
Comments