ഹൈദരാബാദ്: പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ദിവ്യനും സാമൂഹിക പരിഷ്കർത്താവുമായ രാമാനുജാചാര്യരുടെ 216 അടി ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്യും. ‘സമത്വത്തിന്റെ പ്രതിമ’യെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഹൈദരാബാദിലെ ഷംഷാബാദിൽ 45 ഏക്കർ സമുച്ചയത്തിലാണ് ഈ പ്രതിമ സ്ഥിതി ചെയ്യുന്നത്.
‘ആളുകളുടെ ഉന്നമനത്തിനായി ദേശീയത, ലിംഗഭേദം, വംശം, ജാതി, മതം എന്നിവ പരിഗണിക്കാതെ എല്ലാ മനുഷ്യരും തുല്യരാണെന്ന മനോഭാവത്തോടെ അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. ശ്രീരാമാനുജാചാര്യ ആശ്രമത്തിലെ ചിന്നജീയാർ സ്വാമിയാണ് പ്രതിമയുടെ ആശയം രൂപപ്പെടുത്തിയത്’ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ശ്രീരാമാനുജാചാര്യരുടെ 1000ാം ജന്മവാർഷിക ആഘോഷമായ 12 ദിവസത്തെ ശ്രീരാമാനുജ സഹസ്രാബ്ദി സമാരോഹത്തിന്റെ ഭാഗമായാണ് പ്രതിമയുടെ ഉദ്ഘാടനം. ആഗോളതലത്തിലെ ആശ്രമത്തിന്റെ അനുയായികൾ സംഭാവന ചെയ്ത 1000 കോടിരൂപയ്ക്കാണ് രാമാനുജാചാര്യ പ്രതിമയും ഗവേഷണകേന്ദ്രവും മ്യൂസിയവും പണിതീർത്തിരിക്കുന്നത്.
രാമാനുജാചാര്യ 120 വർഷം ജീവിച്ചിരുന്നതിന്റെ സ്മരണാർത്ഥം 120 കിലോ സ്വർണം ഉപയോഗിച്ചാണ് ശ്രീകോവിലിനുള്ളിലെ രാമാനുജാചാര്യയുടെ പ്രതിഷ്ഠ നിർമിച്ചിരിക്കുന്നത്. സ്വർണം, വെള്ളി, ചെമ്പ്, പിച്ചള, സിങ്ക് തുടങ്ങിയ അഞ്ച് തരം ലോഹങ്ങൾ ഉപയോഗിച്ചാണ് പ്രതിമയുടെ നിർമ്മാണം.
Comments