ന്യൂഡൽഹി: വസന്ത പഞ്ചമിയുടെയും സരസ്വതി പൂജയുടെയും പുണ്യ ദിനത്തിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഈ സുദിനത്തിൽ, പതിനൊന്നാം നൂറ്റാണ്ടിലെ വൈഷ്ണവ സന്യാസിയായ ശ്രീരാമാനുജാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്യാൻ പ്രധാനമന്ത്രി ഇന്ന് ഹൈദരാബാദിലെത്തും.
‘വസന്ത പഞ്ചമിയുടെ ഈ പുണ്യ ദിനത്തിൽ ഏവർക്കും എന്റെ ആശംസകൾ നേരുന്നു. വസന്തകാലം ഏവരുടെയും ജീവിതത്തിൽ സന്തോഷവും, സമൃദ്ധിയും, ആയുരാരോഗ്യവും കൊണ്ടുവരട്ടെ. സരസ്വതീ ദേവിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ’ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററിൽ കുറിച്ചു.
”എല്ലാവർക്കും വളരെ സന്തോഷകരമായ വസന്ത പഞ്ചമിയും സരസ്വതി പൂജയും ആശംസിക്കുന്നു. മാതാവ് ശാരദയുടെ അനുഗ്രഹം നിങ്ങൾക്കെല്ലാവർക്കും ഉണ്ടാകട്ടെ, ഋതുരാജ് ബസന്ത് എല്ലാവരുടെയും ജീവിതത്തിൽ സന്തോഷം നൽകട്ടെ’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
സരസ്വതി ദേവിയെ ആരാധിക്കുന്ന ദിവസമാണ് വസന്ത പഞ്ചമി. അറിവിന്റെയും ജ്ഞാനത്തിന്റെയും കലയുടെയും സംഗീതത്തിന്റെയും ദേവിയാണ് സരസ്വതി. വസന്ത പഞ്ചമിക്ക് ദേവിയെ വിശ്വാസികൾ മഞ്ഞവസ്ത്രം ധരിപ്പിക്കുകയും മഞ്ഞനിറത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. വിശുദ്ധമാസമായ മാഘമാസത്തിലാണ് വസന്തപഞ്ചമി ആഘോഷം.
മാഘ മാസത്തിലെ പഞ്ചമി ദിവസം സരസ്വതി ദേവി ഭൂമിയിൽ അവതരിച്ചു എന്നാണ് സങ്കൽപം. അതിനാൽ ഈ ദിവസം വിദ്യയുടെ ദേവിയായ സരസ്വതി ദേവിയെ പൂജിക്കുന്നു. സരസ്വതി ദേവിയുടെയും ലക്ഷ്മീ ദേവിയുടെയും ജന്മദിവസമായാണ് ഈ ദിവസം അറിയപ്പെടുന്നത്.
Comments