ഹൈദരാബാദ്: ബിജെപിയുടെ ആദ്യലോക്‌സഭാംഗങ്ങളിൽ ഒരാളായിരുന്ന ചന്ദുപട്‌ല ജംഗ റെഡ്ഡി (87) അന്തരിച്ചു. ഇന്ന് രാവിലെ ഹൈദരാബാദിൽ വെച്ചായിരുന്നു മരണം. 1984 ലെ പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപിയുടെ രണ്ട് അംഗങ്ങളിൽ ഒരാളായിരുന്നു ജംഗ റെഡ്ഡി.
മുൻ പ്രധാനമന്ത്രിയും കോൺഗ്രസ്സിന്റെ മുതിർന്ന നേതാവുമായിരുന്ന പിവി നരസിംഹറാവുവിനെ പരാജയപ്പെടുത്തിയാണ് ലോക്‌സഭയിലെത്തിയത്. അന്നത്തെ ആന്ധ്രപ്രദേശിലെ ഹനുമകൊണ്ട മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്. 1935 ൽ ഇന്നത്തെ തെലുങ്കാനയിലെ പാറക്കലിൽ ജനിച്ച അദ്ദേഹം ജനസംഘത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്.

ആധ്യാപകനായി ഔദ്യോഗീക ജീവിതം ആരംഭിച്ച ശേഷം പിന്നീട് പൊതുപ്രവർത്തനത്തിലേയ്‌ക്ക് തിരിയുകയായിരുന്നു. ദീൻദയാൽ ഉപാധ്യായയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി ജനസംഘത്തിലെത്തി. പാറക്കൽ, സായംപേട്ട് മണ്ഡലങ്ങളെ ആന്ധ്രപ്രദേശ് നിയമസഭയിലും പ്രതിനിധീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി എന്നിവർ അനുശോചനം രേഖപ്പെടുത്തി. ബിജെപി തെലുങ്കാന സംസ്ഥാന കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിനുശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്. വൈകീട്ട് വാറങ്കലിൽ ഔദ്യോഗീക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
















Comments