പത്തനംതിട്ട: മഹാപ്രളയം വേർപ്പെടുത്തിയ ഇരുകരകൾ. കലിതുള്ളിയ കാലവർഷത്തിൽ ഒലിച്ചുപോയത് ഇവരെ പരസ്പരം ബന്ധിപ്പിച്ചിരുന്ന ഏക മാർഗ്ഗമായ അപ്പ്രോച്ച് റോഡ്. ഇരുകരകളിമുമായി ഒറ്റപ്പെട്ടവർ മുട്ടാത്ത വാതിലുകൾ ഉണ്ടായിരുന്നില്ല. ആരും ഇവരുടെ ആവശ്യത്തിന് ചെവികൊടുത്തില്ല. എന്നാൽ കുറച്ച് മുളങ്കുലുകളും തടിപ്പലകകളും കെട്ടുകയറുകളും ഉപയോഗിച്ച് താല്കാലിക പാലം നിർമ്മിച്ച് സേവാഭാരതി ഇവരുടെ ദുരിതത്തിന് പരിഹാരമുണ്ടാക്കി.
പത്തനംതിട്ട മല്ലപ്പള്ളിയിൽ മണിമലയാറിന്റെ ഇരുകരകളിലുമായുള്ള പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കോമളം കടവിൽ ചുരുങ്ങിയ ദിവസം കൊണ്ട് സേവാഭാരതി നിർമ്മിച്ച താൽകാലിക പാലം ഇന്ന് നാട്ടുകാർക്കായി തുറന്നു കൊടുത്തു.

ഉദ്ഘാടന ചടങ്ങും വ്യത്യസ്ത നിറഞ്ഞതായിരുന്നു. പ്രദേശവാസികളായ സായ്,ദയ,ദ്യുതി,ശ്രീഹരി എന്നീകുട്ടികളാണ് പാലം നാടിന് സമർപ്പിച്ചത്. സേവാഭാരതി ജില്ലാ സംഘടന സെക്രട്ടറി കെ ബാബു, ആർഎസ്എസ് വിഭാഗ് കാര്യവാഹ് ജി. വിനു, സേവാപ്രമുഖ് സിഎൻ രവികുമാർ, ജില്ലാ സേവാ പ്രമുഖ് എൻ സന്തോഷ്, ഫാദർ അനൂപ് സ്റ്റീഫൻ, ടികെ ഉണ്ണികൃഷ്ണൻ, സെന്റ് മേരീസ് ഗ്രൂപ്പ് ചെയർമാൻ തങ്കച്ചൻ എന്നിവർ പങ്കെടുത്തു.
മുളയും പലകകളും ഉപയോഗിച്ച് 50 മീറ്റർ നീളത്തിലും 5 മീറ്റർ വീതിയിലുമാണ് നടപ്പാലം നിർമ്മിച്ചത്. ഒരാഴ്ചകൊണ്ട് പണി പൂർത്തിയാക്കി. ദിവസേന നാൽപ്പതോളം പേർ പങ്കാളികളായി. സേവാഭാരതി പ്രവർത്തകരും നാട്ടുകാരും കൈകോർത്തപ്പോൾ സൂപ്പർ പാലം റെഡി. പെൺകുട്ടികൾ അടക്കമുള്ളവർ പാലം പണിയിൽ പങ്കാളികളായി എന്നതാണ് ഏറെ ശ്രദ്ധേയം. ഇരുകരകളെയും തമ്മിൽ ബന്ധിപ്പിക്കാൻ ഒരു ചങ്ങാട സർവ്വീസും കോമളം കടവിൽ തയ്യാറാക്കിയിട്ടുണ്ട്.
















Comments