ആന്റിഗ്വ: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ നാലു വിക്കറ്റിന് തകർത്ത് ഇന്ത്യൻ കുട്ടികൾ കിരീടം ചൂടി. ഇംഗ്ളണ്ട് മുന്നോട്ടു വെച്ച 190 റൺസ് വിജയ ലക്ഷ്യം 14 പന്തുകൾ ബാക്കി നിൽക്കെ ആറു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. രാജ് ബാവയുടെ ഓൾ റൗണ്ട് മികവും ഷെയ്ഖ് റഷീദിന്റെയും നിഷാന്ത് സിന്ധുവിന്റെയും അവസരോചിത ബാറ്റിംഗുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാഴ്‌ത്തിയ ഇന്ത്യൻ ബൗളർമാർ റൺ നൽകുന്നതിൽ പിശുക്ക് കാട്ടിയതാണ് വിജത്തിന് തുടക്കമായത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകളെടുത്ത ഇന്ത്യൻ ബൗളർമാർ ഇംഗ്ളണ്ടിനെ കളിയുടെ ഒരു ഘട്ടത്തിലും നിലയുറപ്പിക്കാൻ അനുവദിച്ചില്ല. 91 റൺസിന് ഏഴു വിക്കറ്റുകൾ നഷ്ടപെട്ട് പരുങ്ങലിലായ ഇംഗ്ളണ്ടിനെ എട്ടാം വിക്കറ്റിൽ 93 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ ജെയിംസ് റൂവും ജെയിംസ് സെയിൽസുമാണ് ഭേദപ്പെട്ട സ്കോറിലേക്കെത്തിച്ചത്.
95 റൺസെടുത്ത ജെയിംസ് റൂവാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ജെയിംസ് സെയിൽസ് 34 റൺസെടുത്ത് പുറത്താകാതെ നിന്നു. ഇവരെക്കൂടാതെ മൂന്ന് ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്. ഓപ്പണർ ജോർജ്ജ് തോമസ് 27 റൺസെടുത്തു. ഇന്ത്യയ്‌ക്ക് വേണ്ടി രാജ് ബാവ 5 വിക്കറ്റുകളും രവി കുമാർ 4 വിക്കറ്റുകളും വീഴ്‌ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കവും ഒട്ടും ആശാവഹമായിരുന്നില്ല. സ്കോർ ഒരു റൺസിൽ നിൽക്കെ ഓപ്പണർ രഘുവംശി ബോയ്ഡനു വിക്കറ്റ് നൽകി മടങ്ങി. എന്നാൽ രണ്ടാം വിക്കറ്റിൽ ഹർണൂർ സിംഗിനൊപ്പം ഉറച്ചു നിന്ന് പൊരുതിയ ഷെയ്ഖ് റഷീദ് ഇന്ത്യയെ കളിയിലേക്ക് തിരിച്ചു കൊണ്ടുവന്നു. 21 റൺസെടുത്ത ഹർണൂർ സിംഗ് പുറത്തായെങ്കിലും ക്യാപ്ടൻ യാഷ് ധൂളിനൊപ്പം സ്കോർ ബോർഡ് ചലിപ്പിച്ച ഷെയ്ഖ് റഷീദ് അർദ്ധ സെഞ്ച്വറിക്ക് തൊറ്റു പിന്നാലെ പുറത്തായി. തൊട്ടു പിന്നാലെ ക്യാപ്ടനേയും നഷ്ടപ്പെട്ട ഇന്ത്യ 4 വിക്കറ്റിന് 97 റൺസെന്ന നിലയിൽ പരുങ്ങലിലായി.
അഞ്ചാം വിക്കറ്റിൽ ഒത്തു ചേർന്ന നിഷാന്ത് സിന്ധു രാജ് ബാവ സഖ്യം 67 റൺസ് കൂട്ടിച്ചേർത്തതോടെ ഇന്ത്യ വിജയത്തിലേക്ക് കുതിച്ചു. അവസാന ഓവറുകളിൽ അടിച്ചു തകർത്ത വിക്കറ്റ് കീപ്പർ ബാറ്റർ ദിനേഷ് ബാനയുടെ രണ്ട് പടുകൂറ്റൻ സിക്സറുകൾ കളിയുടെ വിധി എഴുതി.ഇന്ത്യ അണ്ടർ 19 ലോകകപ്പ് ചാമ്പ്യന്മാർ. സിക്സർ പായിച്ചാണ് ബാന വിജയ റൺ നേടിയത്. ഇന്ത്യയ്‌ക്ക് വേണ്ടി 50 റൺസ് വീതമെടുത്ത് ഷെയ്ഖ് റഷീദും നിഷാന്ത് സിന്ധുവും ടോപ് സ്കോറർമാരായപ്പോൾ 35 റൺസെടുത്ത് ഓൾ റൗണ്ടർ രാജ് ബാവ മത്സരം അവിസ്മരണീയമാക്കി. രാജ് ബാവയാണ് പ്ലേയർ ഓഫ് ദ മാച്ച്.
ഇന്ത്യയുടെ അഞ്ചാം അണ്ടർ 19 ലോകകപ്പ് കിരീട നേട്ടമാണിത്. നേരത്തെ 2000, 2008, 2012, 2018 വർഷങ്ങളിൽ ഇന്ത്യയാണ് കിരീടം നേടിയത്.
Comments