ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സച്ചിൻ തെണ്ടുൽക്കർ. അന്ത്യോപചാരം അർപ്പിക്കാൻ സച്ചിൻ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലെത്തി. സംഗീതത്തോടൊപ്പം തന്നെ ക്രിക്കറ്റിനോടും സച്ചിൻ തെണ്ടുൽക്കറിനോടുമുള്ള ലത മങ്കേഷ്‌കറുടെ ഇഷ്ടം പ്രശസ്തമാണ്. സച്ചിൻ തെണ്ടുൽക്കർ ലതാജിയെ ‘ആയ്’ എന്നായിരുന്നു വിളിച്ചിരുന്നത്.
സച്ചിൻ തന്നെ അമ്മയെ പോലെയാണ് പരിഗണിക്കുന്നതെന്നും അവനുവേണ്ടി താൻ എപ്പോഴും പ്രാർത്ഥിക്കുന്നുവെന്നും ലത മങ്കേഷ്‌കർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സച്ചിൻ ആദ്യമായി തന്നെ ആയ് എന്ന് വിളിച്ച ദിവസം ദിവസം ഒരിക്കലും മറക്കാനാകില്ല. സച്ചിനെ പോലൊരു മകനെ ലഭിച്ചതിൽ താൻ വളരെ ഭാഗ്യവതിയാണെന്നായിരുന്നു ലത മങ്കേഷ്‌കറിന്റെ വാക്കുകൾ.
സച്ചിന് ഭാരത രത്‌ന നൽകാൻ ലതമങ്കേഷ്‌കർ വാദിച്ചിരുന്നു. രാജ്യത്തിനായി സച്ചിൻ നൽകിയ സംഭാവനകൾ തനിക്ക് മാത്രമെ അറിയൂ എന്നും വർഷങ്ങളായി തന്റെ ഭാരത രത്നംസച്ചിനാണെന്നും ലതമങ്കേഷ്‌കർ 12 വർഷം മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. ലതമങ്കേഷ്‌കറുടെ വിയോഗം രാജ്യത്തിന് തീരാ നഷ്ടമായിരിക്കുകയാണ്. കൊറോണ ബാധിച്ചതിനെ തുടർന്ന് ജനുവരി എട്ടിനാണ് ലത മങ്കേഷ്‌കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ലത മങ്കേഷ്‌കറുടെ നിര്യണത്തിൽ അനുശോചനം രേഖപ്പെടുത്തി നിരവധി പേരാണ് എത്തിയത്. പ്രിയ ഗായികയോടുള്ള ആദര സൂചകമായി ദേശീയ പതാക രണ്ട് ദിവസത്തേയ്‌ക്ക് താഴ്‌ത്തിക്കെട്ടി. സംസ്‌കാരം വൈകുന്നേരം 6.30ന് ശിവാജി പാർക്കിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാനായി മുംബൈയിൽ എത്തും.
















Comments