മുംബൈ: സംഗീത ഇതിഹാസത്തിന് അന്തിമോപചാരമർപ്പിക്കാൻ മുംബൈയിലെ ‘പ്രഭുകുഞ്ചി’ലെത്തി ബിഗ്-ബി. ഗാനരചയിതാവ് ജാവേദ് അക്തർ നടൻ അനുപം ഖേർ, നടി ശ്രദ്ധ കപൂർ മറ്റ് ബോളിവുഡ് താരനിരകളും പ്രഭുകുഞ്ചിലെത്തി ഇന്ത്യയുടെ വാനമ്പാടിയ്ക്ക് അന്തിമോപചാരം അർപ്പിച്ചു.
മകൾ ശ്വേതയ്ക്കൊപ്പമാണ് അമിതാഭ് ബച്ചൻ പ്രഭുകുഞ്ചിലെത്തിയത്. വികാരഭരിതനായാണ് ബച്ചൻ ലതാ മങ്കേഷ്കറിന് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. ഇന്ന് വൈകിട്ട് 6.30ന് മുംബൈയിലെ ശിവാജി പാർക്കിലാണ് ലതാ മങ്കേഷ്കറിന്റെ സംസ്കാരം.
അതേസമയം, ലതാ മങ്കേഷ്കറിന് അന്തിമോപചാരമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ടോടെ മുംബൈയിലെത്തും. ഔദ്യോഗിക ബഹുമതികളോടെയാണ് ലതാജിയുടെ സംസ്കാരം.
ലതാ മങ്കേഷ്കറിനോടുള്ള ആദരസൂചകമായി മഹാരാഷ്ട്രയിൽ നാളെ പൊതു അവധി പ്രഖ്യാപിച്ചു. സ്വരമാധുര്യംകൊണ്ട് ആരാധകരുടെ മനം കവർന്ന് ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയ പ്രിയ പാട്ടുകാരിയുടെ നിര്യാണത്തിൽ രാജ്യത്ത് രണ്ടു ദിവസമാണ് ദുഖമാചരിക്കുന്നത്. ലതാ മങ്കേഷ്കറോടുള്ള ആദര സൂചകമായി ഇന്ത്യയുടെ ദേശീയ പതാക പകുതി താഴ്ത്തി കെട്ടും.
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഗായകരിൽ ഒരാളായ മങ്കേഷ്കർ വിവിധ ഭാഷകളിലായി 30,000 ലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. 1942 ൽ തന്റെ 13 ാം വയസിലാണ് മങ്കേഷ്കർ ഗായകലോകത്ത് തന്റെ സാന്നിധ്യമറിയിച്ചത്.
Comments