ന്യൂഡല്‍ഹി: പാകിസ്താന്‍ കശ്മീര്‍ സോളിഡാരിറ്റി ഡേയില്‍ കശ്മീരി വിഘടന വാദികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹ്യുണ്ടായി പാകിസ്ഥാന്‍ ഇട്ട പോസ്റ്റ് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഹ്യുണ്ടായ് ഇന്ത്യ. ഹ്യുണ്ടായ് പാകിസ്താന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലാണ് വിഘടനവാദികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് കമ്പനിക്കെതിരെ ഇന്ത്യയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ പോസ്റ്റുകള്‍ പിന്നീട് നീക്കം ചെയ്‌തെങ്കിലും ഹ്യുണ്ടായിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. #ബോയ്‌കോട്ട്ഹ്യുണ്ടായ് ട്വിറ്ററിലും ട്രെന്‍ഡിങ് ആയി. കമ്പനിയുടെ സമൂഹമാദ്ധ്യത്തിലെ പോസ്റ്റ് സംബന്ധിച്ച് നിരവധി പേര്‍ ഇവരുമായി ബന്ധപ്പെടുകയും ചെയ്തു. ഇതോടെയാണ് ഹ്യുണ്ടായ് ഇന്ത്യ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
ദേശീയതയെ ബഹുമാനിച്ച് ശക്തമായ ധാര്‍മ്മികതയ്‌ക്കൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്ന് ഹ്യുണ്ടായ് ഇന്ത്യയുടെ പ്രസ്താവനയില്‍ പറയുന്നു. ‘ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയ്‌ക്ക് ഈ മഹത്തായ രാജ്യത്തോടുള്ള പ്രതിബദ്ധതയേയും സേവനത്തേയും വ്രണപ്പെടുത്തുന്നതായിരുന്നു സമൂഹമാദ്ധ്യമത്തിലെ ആ പോസ്റ്റ്. ഇന്ത്യ ഹ്യുണ്ടായ് ബ്രാന്‍ഡിന്റെ രണ്ടാമത്തെ വീടാണ്. അസഹിഷ്ണുത ഉണ്ടാക്കുന്ന പ്രസ്താവനകളോട് യാതൊരു രീതിയിലും ഒത്തുതീര്‍പ്പ് ഉണ്ടായിരിക്കുന്നതല്ല. ഇത്തരം കാഴ്ചപ്പാടുകളെ ശക്തമായി അപലപിക്കുന്നു. ഇന്ത്യയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത തുടരുമെന്നും, രാജ്യത്തെ ജനങ്ങളെ മികച്ച രീതിയില്‍ സേവിക്കുമെന്ന് ഉറപ്പുനല്‍കുന്നതായും’ ഹ്യുണ്ടായ് ഇന്ത്യയുടെ പ്രസ്താവനയില്‍ പറയുന്നു.
Official Statement from Hyundai Motor India Ltd.#Hyundai #HyundaiIndia pic.twitter.com/dDsdFXbaOd
— Hyundai India (@HyundaiIndia) February 6, 2022
കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് ഹ്യുണ്ടായ് പാകിസ്താൻ വിവാദമായ പോസ്റ്റ് ഫേസ്ബുക്കിൽ ഇട്ടത്. ‘ കശ്മീർ സഹോദരങ്ങളുടെ ത്യാഗത്തെ നമുക്ക് സ്മരിക്കാം. അവരുടെ സ്വാതന്ത്ര്യ പോരാട്ടത്തെ നമുക്ക് പിന്തുണക്കാം” എന്നായിരുന്നു പോസ്റ്റ്. രാജ്യത്ത് മാരുതി കഴിഞ്ഞാൽ ഏറ്റവുമധികം കാറുകൾ വിൽക്കുന്ന കമ്പനിയാണ് ഹ്യുണ്ടായിയുടേത്.
















Comments