ശ്രീനഗർ: പാകിസ്താനിൽ നിന്നും ഇന്ത്യയിലേയ്‌ക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്ന് കള്ളക്കടത്തുകാരെ സൈന്യം വകവരുത്തി. ജമ്മു കശ്മീരിലെ സാംബ സെക്ടറിലെ അന്താരാഷ്‌ട്ര അതിർത്തി വഴിയാണ് മയക്കുമരുന്ന് കടത്താൻ ശ്രമം നടന്നത്.
അതിർത്തിയിൽ നുഴഞ്ഞുകയറ്റക്കാരെ കണ്ടതിനെ തുടർന്ന് ബിഎസ്എഫ് പട്രോളിംഗ് സംഘം അവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇവരിൽ നിന്ന് 36 കിലോഗ്രാം മയക്കുമരുന്ന് കണ്ടെടുത്തു. 36 പാക്കറ്റുകളിലാക്കി കടത്താൻ ശ്രമിച്ച ഹെറോയിനാണ് പിടികൂടിയതെന്ന് അതിർത്തി സുരക്ഷ സേന അറിയിച്ചു.
മയക്കുമരുന്നിന് പുറമെ, പിസ്റ്റളുകൾ, വെടിമരുന്നറകൾ, 9 വെടിയുണ്ടകൾ, പാകിസ്താൻ കറൻസികൾ, പാകിസ്താൻ നിർമ്മിത സിറപ്പ് എന്നിവയും ഇവരിൽ നിന്നും കണ്ടെടുത്തതായി ബിഎസ്എഫ് ഐജി ഡികെ ബൂറ പറഞ്ഞു. സംഭവത്തെ തുടർന്ന് പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിർത്തി വഴിയുള്ള മയക്കുമരുന്ന് കടത്ത് വർദ്ധിച്ച സാഹചര്യത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാൻ സൈന്യത്തിന് ഐജി നിർദ്ദേശം നൽകി.
















Comments