ലക്‌നൗ: അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണ് പദ്ധതിപ്രകാരം നടക്കുയാണെന്ന് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗം അനിൽ മിശ്ര. 24 മണിക്കൂറും ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. 2023ഓടെ ശ്രീരാമ വിഗ്രഹം ശ്രീകോവിലിൽ പ്രതിഷ്ഠിക്കും. അതോടെ ഭക്തർക്ക് ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങാമെന്നും അനിൽ മിശ്ര പറഞ്ഞു. ക്ഷേത്ര നിർമ്മാണ സമിതിയുടെ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രത്തിനുള്ളിൽ വിളക്കുകൾ സ്ഥാപിക്കൽ, പീഠ നിർമ്മാണം, സംരക്ഷക ഭിത്തികളുടെ നിർമ്മാണം, സുരക്ഷ തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് യോഗത്തിൽ ചർച്ചയായത്. ബൻസി പഹാദ്പൂരിൽ നിന്നും ഇതുവരെ 17,000 ഗ്രാനൈറ്റ് കല്ലുകൾ അയോദ്ധ്യയിൽ എത്തിയിട്ടുണ്ട്. പ്രതിദിനം 20 മുതൽ 25 വരെ ഗ്രാനൈറ്റുകളാണ് എത്തുന്നത്. ഇത് 80 മുതൽ 100 കല്ലുകളായി ഉയർത്താനുള്ള ചർച്ചകൾ നടന്നുവെന്നും അനിൽ മിശ്ര അറിയിച്ചു.
2020 ഓഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്ര നിർമ്മാണത്തിന് തറക്കല്ലിട്ടത്. സെപ്തംബർ പകുതിയോടെ ആദ്യഘട്ടം പൂർത്തിയായിരുന്നു. 2.7 ഏക്കർ സ്ഥലത്താണ് പ്രധാന ക്ഷേത്രം നിർമ്മിക്കുന്നത്. ക്ഷേത്ര സമുച്ചയത്തിൽ തീർത്ഥാടന സൗകര്യ കേന്ദ്രം, മ്യൂസിയം, ഗവേഷണ കേന്ദ്രം, ഓഡിറ്റോറിയം, ആചാരാനുഷ്ടാനങ്ങൾക്കുള്ള സ്ഥലം, കന്നുകാലികൾക്കായി പ്രത്യേകം ഷെഡ് തുടങ്ങിയവ ഉൾപ്പെടും. വിദഗ്ധരുടെ മേൽ നോട്ടത്തിലാണ് ക്ഷേത്ര നിർമ്മാണം പുരോഗമിക്കുന്നത്.
















Comments