കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മമതാ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. സംസ്ഥാനത്ത് വ്യോമയാന വകുപ്പുമായി ബന്ധപ്പെട്ട വികസന പദ്ധതികൾക്ക് അനുമതി നൽകുന്നത് ബംഗാൾ മുഖ്യമന്ത്രി വൈകിപ്പിക്കുകയാണെന്നായിരുന്നു സിന്ധ്യയുടെ വിമർശനം. കൊൽക്കത്തയിൽ മറ്റൊരു വിമാനത്താവളത്തിന്റെ നിർമ്മാണത്തിനായി നാളിതുവരെയായിട്ടും സ്ഥലം അനുവദിക്കാൻ മമതാ സർക്കാരിനായില്ലെന്നും സിന്ധ്യ വിമർശിച്ചു.
‘സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും ഒറ്റക്കെട്ടായുള്ള പരിശ്രമത്തിലൂടെ മാത്രമേ ഒരു നാട്ടിൽ വികസം കൊണ്ടുവരാൻ സാധിക്കൂ. എന്നാൽ ഇവിടെ കേന്ദ്ര സർക്കാർ എല്ലാ പിന്തുണ നൽകിയിട്ടും അതിനോടെല്ലാം മുഖം തിരിക്കുകയാണ് മമതാ സർക്കാർ. പശ്ചിമ ബംഗാളിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്‌ട്ര വിമാനത്താവളം അതിന്റെ പരമാവധി ശേഷിയിൽ എത്തിയിരിക്കുന്നു. അന്നുമുതൽ ആറുമാസക്കാലമായി സംസ്ഥാനത്ത് രണ്ടാമത്തെ വിമാനത്താവളം സ്ഥാപിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്താൻ ഞാൻ ആവശ്യപ്പെടുകയാണ്. എന്നാൽ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല’ എന്ന് സിന്ധ്യ പറഞ്ഞു.
ബംഗാളിന്റെ വികസനത്തിനായി വ്യോമയാന വകുപ്പിന് ധാരാളം പദ്ധതികളാണുള്ളത്. എന്നാൽ സംസ്ഥാന സർക്കാർ ഇതിന് അനുമതി നൽകുകയോ, ചർച്ചയ്‌ക്ക് തയ്യാറാകുകയോ ചെയ്തിട്ടില്ല. രാഷ്‌ട്രീയ വിരോധത്തിന്റെ പേരിൽ ഒരു നാടിന്റെ വികസനത്തിനെതിരെ കണ്ണടയ്‌ക്കുന്ന നിലപാടാണ് മമതാ സർക്കാർ ഇപ്പോൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും സിന്ധ്യ പറഞ്ഞു.
നിലവിലെ വിമാനത്താവളത്തിന്റെ വികസനത്തിനായി 700 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. 300 കോടി രൂപ ചെലവിൽ പുതിയ ടെക്നിക്കൽ ബ്ലോക്ക് കം കൺട്രോൾ ടവർ പ്രവർത്തനക്ഷമമാക്കും, 265 കോടി രൂപയ്‌ക്ക് പുതിയ ടാക്‌സിവേ നിർമ്മിക്കും. മെട്രോയെ എയർപോർട്ട് ടെർമിനൽ കെട്ടിടവുമായി ബന്ധിപ്പിക്കുന്നതിന് 110 കോടിയാണ് നിക്ഷേപിക്കുന്നതെന്നും സിന്ധ്യ അറിയിച്ചു.
















Comments