മലപ്പുറം: ഹരിത വിഷയത്തിൽ എംഎസ്എഫ് നേതൃത്വത്തിനെതിരെ പ്രതികരിച്ചതിന്റെ വിരോധത്തിൽ കോളേജ് വിദ്യാർത്ഥിനിക്ക് നേരെ സൈബർ ആക്രമണം. കണ്ണൂർ സർ സെയ്ദ് കോളേജ് മുൻ എംഎസ്എഫ് വൈസ് പ്രസിഡന്റ് ആഷിഖ ഖാനമാണ് പോലീസിൽ പരാതി നൽകിയത്. എംഎസ്എഫിന്റെ മുൻ ഭാരവാഹിയും ഹരിതയുടെ സജീവ പ്രവർത്തകയുമായിരുന്നു ആഷിഖ. മലപ്പുറം ചാപ്പനങ്ങാടിയിലെ മുഹമ്മദ് അനീസ് ആണ് ആഷിഖയെ സമൂഹമാദ്ധ്യമത്തിലൂടെ അപമാനിക്കാൻ ശ്രമിച്ചതെന്ന് സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
യൂത്ത് ലീഗ് പ്രവർത്തകനാണ് ഇയാൾ. വ്യാജ ഐ.ഡി ഉണ്ടാക്കിയാണ് ഇയാൾ സൈബർ ആക്രമണം നടത്തിയിരുന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. സൈബർ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാക്കൾക്ക് പരാതി നൽകുമെന്ന് ആഷിഖ പറഞ്ഞു. വ്യാജ ഐഡി ഉപയോഗിച്ച് കഴിഞ്ഞ ആറു മാസമായി അപമാനിക്കുന്നതായി പരാതിയിൽ പറയുന്നു. കുടുംബം മാനസിക പ്രയാസത്തിലായ സാഹചര്യത്തിലാണ് പോലീസിൽ പരാതി നൽകുന്നതെന്നും ആഷിഖ പറയുന്നു.
എംഎസ്എഫ് ജില്ലാ ഭാരവാഹിക്കൊപ്പമാണ് മുഹമ്മദ് അനീസ് ചോദ്യം ചെയ്യലിന് പോലീസ് സ്‌റ്റേഷനിൽ ഹാജരായത്. എന്നാൽ സൈബർ ആക്രമണത്തിൽ പങ്കില്ലെന്നാണ് എംഎസ്എഫ് നേതാക്കളുടെ വാദം. ആരോപണ വിധേയനൊപ്പം പോലീസ് സ്‌റ്റേഷനിൽ പോയെന്ന ആരോപണം എംഎസ്എഫ് ജില്ലാ ജനറൽ സെക്രട്ടറി വഹാബ് ചാപ്പനങ്ങാടിയും നിഷേധിച്ചു.
















Comments