ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ വധഭീഷണി ട്വീറ്റിന് പിന്നാലെ അദ്ദേഹത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. യോഗി ആദിത്യനാഥിനൊപ്പം ഗൊരഖ്പൂര്‍ ക്ഷേത്രവും തകര്‍ക്കുമെന്നാണ് ഭീഷണിയില്‍ പറയുന്നത്. ക്ഷേത്രത്തിന്റെ സുരക്ഷയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ട്വീറ്റിന് പിന്നാലെ ക്ഷേത്രപരിസരത്ത് പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ‘ലേഡി ഡോണ്‍’ എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഭീഷണി സന്ദേശം എത്തിയത്.
ലക്‌നൗവിലെ വിധാന്‍ സഭ, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ എന്നിവിടങ്ങളിലെല്ലാം ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഭീം സേന സ്റ്റേറ്റ് പ്രസിഡന്റ് സീമ സിങ് മുഖ്യമന്ത്രിയെ ഇല്ലാതാക്കും. ഇതിനായി സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചു കഴിഞ്ഞുവെന്നുമാണ് ഒരു ട്വീറ്റില്‍ പറഞ്ഞിരുന്നത്. സുലൈമാന്‍ ഭായ് എന്നയാള്‍ ഗൊരഖ്‌നാഥ് മഠത്തില്‍ ബോംബ് സ്ഥാപിച്ചുവെന്നായിരുന്നു അടുത്ത ട്വീറ്റ്.
ഒരു മണിക്കൂറിന് ശേഷം, അതേ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും മീററ്റിലെ 10 വ്യത്യസ്ത സ്ഥലങ്ങളില്‍ ഫുര്‍ഖാന്‍ ഭായ് എന്നയാള്‍ ബോംബുകള്‍ സ്ഥാപിച്ചതായി ട്വീറ്റ് വന്നു. മീററ്റ് സിഡിഎ ആര്‍മി കാന്റിലുണ്ടായ സ്ഫോടനത്തെക്കുറിച്ചും ഇതില്‍ മുന്നറിയിപ്പ് ഉണ്ടായിരുന്നു. തുടര്‍ ട്വീറ്റുകള്‍ക്ക് പിന്നാലെ ഗൊരഖ്നാഥ് ക്ഷേത്രത്തിലും മറ്റ് സ്ഥലങ്ങളിലും വന്‍ തോതില്‍ പരിശോധനകള്‍ നടത്തിയെങ്കിലും സ്‌ഫോടക വസ്തുക്കള്‍ ഒന്നും കണ്ടെത്തിയില്ലെന്ന് ഗൊരഖ്പൂര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് വിപിന്‍ ടാഡ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
















Comments