കൊച്ചി: എറണാകുളത്ത് ആത്മഹത്യ ചെയ്ത മത്സ്യത്തൊഴിലാളി സജീവന്റെ ഭൂമി തരം മാറ്റി നൽകി. എറണാകുളം ജില്ലാ കളക്ടർ സജീവന്റെ വീട്ടിൽ എത്തിയാണ് രേഖകൾ കുടുംബത്തിന് കൈമാറിയത്. പുറത്തിറങ്ങിയ കളക്ടർക്ക് നേരെ പ്രതിഷേധവുമായി വാർഡ് മെമ്പറും നാട്ടുകാരും രംഗത്തെത്തി. ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം ഒരു ജീവൻ നഷ്ടമായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജനപ്രതിനിധിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചത്.
ഭൂമി തരംമാറ്റി കിട്ടാത്തതിൽ മനംനൊന്താണ് പറവൂർ സ്വദേശിയായ സജീവൻ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഒന്നരവർഷമായി നാല് സെന്റ് ഭൂമി തരം മാറ്റി കിട്ടാൻ സർക്കാർ ഓഫീസ് കയറി ഇറങ്ങുകയായിരുന്നു ഇയാൾ. ആധാരത്തിൽ നിലം എന്നത് പുരയിടം എന്നാക്കി മാറ്റണമെന്നായിരുന്നു സജീവന്റെ ആവശ്യം. ഇതിനാൽ നിരവധി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ ആർഡിഒ ഓഫീസിലെത്തിയപ്പോൾ അപമാനിച്ച് ഇറക്കി വിട്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
സജീവൻ എഴുതിയ ആത്മഹത്യക്കുറിപ്പിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർത്തിയിരിക്കുന്നത്. ഈ നാട്ടിലെ ദുഷിച്ച ഭരണ സംവിധാനവും, കൈക്കൂലിയുമാണ് തന്റെ മരണത്തിന് കാരണമെന്ന് സജീവൻ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു.
















Comments