ന്യൂഡൽഹി: കേന്ദ്ര ബജറ്റിന് പിന്നാലെ നടക്കുന്ന നന്ദി പ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യസഭയെ അഭിമുഖീകരിക്കും. ഇന്നലെ ലോക്‌സഭയിൽ സംസാരിച്ച പ്രധാനമന്ത്രി കോൺഗ്രസിനെ കടന്നാക്രമിച്ചുകൊണ്ടാണ് ബിജെപിയുടെ ദേശീയ നയം വ്യക്തമാക്കിയത്. ബജറ്റിന്മേലുള്ള ചർച്ചകൾ ഇന്നലെയാണ് രാജ്യസഭയിൽ പൂർത്തിയായത്.
ബജറ്റ് ചർച്ചയിൽ രാജ്യസഭയിലെ 40 അംഗങ്ങളാണ് സജീവമായി തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. ഇതിൽ മൂന്ന് വനിതാ പ്രതിനിധികളും പങ്കെടുത്തു. ആകെ 11 മണിക്കൂറും 25 മിനിറ്റുമാണ് ചർച്ചകൾ നീണ്ടുനിന്നത്. ഇന്ന് പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗമടക്കം സഭ 12 മണിക്കൂറാണ് നടപടിക്രമങ്ങൾക്കായി നീക്കി വച്ചിരിക്കുന്നത്.
ഇന്നലെ ലോക്‌സഭയിൽ പ്രതിപക്ഷത്തിനെതിരെ നരേന്ദ്രമോദി ആഞ്ഞടിച്ചു. കോൺഗ്രസിന്റെ വിഭജിച്ചുഭരിക്കൽ തന്ത്രത്തെ നിശിതമായി പ്രധാനമന്ത്രി വിമർശിച്ചു. തുക്ടേ-തുക്ടേ സംഘത്തിന്റെ നേതാക്കളാണ് കോൺഗ്രസ്സെന്നും നരേന്ദ്രമോദി ആരോപിച്ചു. ഇന്ത്യ ഒരു രാഷ്‌ട്രമല്ല എന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ പൗരാണിക രേഖകളും സ്വാതന്ത്ര്യസമരകാലത്തെ വീരനായകരുടെ വാക്കുകളേയും കവിതകളേയും ഉദ്ധരിച്ചുകൊണ്ടാണ് ഖണ്ഡിച്ചത്.
















Comments