പനാജി: തൃണമൂൽ നേതാവ് മമതാ ബാനർജി തന്റെ ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും പിന്മാറി. ഉത്തർപ്രദേശിലെ രണ്ടു ദിവസത്തെ യാത്രക്ക് ശേഷമാണ് മമത ഗോവയിലേക്ക് പോകാനിരുന്നത്. എന്നാൽ അവിടത്തെ കാര്യം പാർട്ടിയിലെ മറ്റാരെങ്കിലും നോക്കിയാൽ മതിയെന്ന തീരുമാനമാണ് മമത എടുത്തത്. ഗോവയിൽ കോൺഗ്രസ്സുമായി കൈകോർക്കാനുള്ള ശ്രമം സോണിയ നിരസിച്ചതും മമതയ്‌ക്ക തിരിച്ചടിയായി.
ബി.ജെ.പി ശക്തമായ പ്രചാരണം തുടരുന്ന ഗോവയിൽ ഭരണത്തിൽ എങ്ങിനേയും തിരികെ കയറാനുള്ള തത്രപ്പാടിലാണ് കോൺഗ്രസ്സ്. ഇതിനിടെ ആംആദ്മി പാർട്ടി ഗോവയിൽ പ്രചാരണം ആരംഭിച്ചതും കോൺഗ്രസിന് അടിയായി. പ്രാദേശിക രാഷ്‌ട്രീയത്തിൽ കാര്യമായി ഒന്നും ചെയ്യാനില്ലെന്ന തിരിച്ചറിവാണ് മമതയെ പിന്തിരിപ്പിച്ചതെന്നാണ് സൂചന.
തനിക്കും പാർട്ടിക്കും കൂടുതൽ സ്വീകാര്യത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണെന്നും അതിനാൽ ദേശീയ നേതൃത്വം ശ്രദ്ധിക്കേണ്ടത് ഉത്തർപ്രദേശാണെന്നും മമത നിലപാട് വ്യക്തമാക്കി. ഉത്തർപ്രദേശിൽ നേരിട്ട് മത്സരിച്ചാൽ സീറ്റ് കിട്ടില്ലെന്നതിനാൽ മമത എസ്.പിയെ പിന്തുണയ്‌ക്കുന്ന പ്രചാരണമാണ് നടത്തുന്നത്.
ഗോവയിൽ മമത അവസാനമായി വന്നുപോയത് ഡിസംബർ മാസത്തിലാണ്. തൃണമൂൽ പാർട്ടി സെപ്തംബർ-ഒക്ടോബർ മാസത്തിൽ പ്രവർത്തക യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് മമത എത്തിയത്. മമതയുടെ വരവിൽ അടിതെറ്റിയത് കോൺഗ്രസ്സിനായിരുന്നു. മുൻ മുഖ്യമന്ത്രി ലൂയീസിനോ ഫെലോറിയോ അടക്കം നിരവധി പ്രവർത്തകർ കോൺഗ്രസ് വിട്ട് തൃണമൂലിന്റെ ഭാഗമായി.
















Comments