ബാബു അപകടത്തിൽപ്പെട്ട മലമ്പുഴ ചെറാടിയിലുള്ള കൂർമ്പാച്ചി മലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ബാബുവിലൂടെ പ്രശസ്തമായ മല സിനിമയിലും ഇടംപിടിച്ചതാണ്. സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധ എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച അശോകൻ എന്ന കഥാപാത്രവുമായി കുർമ്പാച്ചി മലയ്‌ക്ക് ചെറിയൊരു ബന്ധമുണ്ട്. അശോകൻ യുദ്ധമുറകൾ പഠിക്കുന്നത് ഈ മലനിരകളിൽ നിന്നായിരുന്നു.
യോദ്ധ എന്ന ചിത്രത്തിലെ ഹിമാലയൻ രംഗങ്ങൾ ചിത്രീകരിച്ചത് ഈ മലയിൽ തന്നെ വെച്ചാണ്. അതേസമയം ഇവിടേയ്‌ക്ക് വരുന്നതിന് പൊതുജനങ്ങൾക്ക് വിലക്കുണ്ട്. അപകടമേഖലയായതിനാലാണ് ഇത്. ചെങ്കുത്തായ മലയും കൂർത്ത പാറകളുമായതിനാൽ കൂർമ്പാച്ചി എന്നായിരുന്നു മലയുടെ ആദ്യ പേര്. നാട്ടുകാർ പറഞ്ഞിത് കുമ്പാച്ചി മലയെന്നായി. പാറയ്‌ക്ക് മുകളിൽ വളരുന്ന കള്ളിമുൾ ചെടികളാണ് ഇവിടെ കൂടുതലും ഉള്ളത്.
മരങ്ങൾ ഇല്ലാത്തതിനാൽ വൻ ചൂടാണിവിടെ. മലയുടെ മുകളിൽ കയറിയാലും ആസ്വദിക്കാൻ പറ്റിയ കാഴ്‌ച്ചകൾ ഒന്നും തന്നെയില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം പ്രവേശന വിലക്കുള്ള ഈ മലയിൽ കയറിയതിൽ ബാബുവിനും സുഹൃത്തുക്കൾക്കുമെതിരെ വനം വകുപ്പ് കേസെടുത്തേയ്‌ക്കും. അനുമതിയില്ലാതെ കൂർമ്പാച്ചി മല അതിക്രമിച്ച് കയറിയതിനാണ് കേസ്. തിങ്കളാഴ്‌ച്ച രാവിലെയാണ് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ബാബു കൂർമ്പാച്ചി മല കയറിയത്.
Comments