ന്യൂയോർക്ക്: ബഹിരാകാശത്തെ സൗരകൊടുങ്കാറ്റിൽ പെട്ട് നിരവധി ഉപഗ്രഹങ്ങൾ തകർന്നതായി റിപ്പോർട്ട്. സ്വകാര്യ ബഹിരാകാശ ഉപഗ്രഹ നിർമ്മാതാക്കളായ എലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സാണ് ബഹിരാകാശത്തെ അപകടം സ്ഥിരീകരിച്ചത്.
ഈ മാസം 3-ാം തിയതിയാണ് 49 സ്റ്റാർലിങ്ക് ഇന്റർനെറ്റ് ഉപഗ്രഹങ്ങൾ സ്‌പേസ് എക്‌സിന്റെ സഹായത്താൽ വിവിധ കമ്പനികൾ വിക്ഷേപിച്ചത്. 40 ഉപഗ്രഹങ്ങളാണ് അതിതീവ്ര സൗരകൊടുങ്കാറ്റിൽ പ്രവർത്തന രഹിതമായത്. ആകെ 25 രാജ്യങ്ങളിലെ ഇന്റർനെറ്റ് സേവനദാതാക്കളുടെ ഉപഗ്രഹങ്ങളാണ് നഷ്ടമായത്.
സൂര്യന്റെ ശക്തമായ വാതക പാളികൾ അന്തരീക്ഷ മർദ്ദവ്യത്യാസത്തിനനനുസരിച്ച് അഗ്നിജ്വാലകളായി വ്യാപിക്കുന്നതാണ് പ്രതിഭാസം. അതിന്റെ വഴിയിൽ അതേ ഭാഗത്ത് ചെന്നുപെട്ട എല്ലാ ഉപഗ്രഹങ്ങളും തകർന്നുവെന്നാണ് വിവരം. സൂര്യനിൽ നിന്ന് പുറത്തേക്ക് വമിക്കുന്ന വാതകങ്ങളുണ്ടാക്കുന്ന ശക്തിയേറിയ അഗ്നിജ്വാലകളാണ് ഒഴുകി നീങ്ങുന്നത്. അവ ഭൂമിയുടെ കാന്തികവലയത്തിലേക്ക് വലിച്ചടുപ്പിക്കപെടുമ്പോഴാണ് തീക്കാറ്റായി അതിവേഗം വീശിയടിക്കുന്നത്.
സ്‌പേസ് എക്‌സിന്റെ റോക്കറ്റ് ഉപഗ്രഹങ്ങളെ വിക്ഷേപിച്ച അതേ ഭ്രമണപഥത്തിലൂടെ തന്നെയാണ് സൗരക്കാറ്റ് ആഞ്ഞടിച്ചതെന്നതാണ് നിർഭാഗ്യകരമായ സംഭവമായി മാറിയത്. കൊടുങ്കാറ്റിന്റെ ശക്തിയിൽ പ്രവർത്തന രഹിതമായ ഉപഗ്രഹങ്ങളെ ഇനി ശരിയായ ഭ്രമണ പഥത്തിലേക്ക് എത്തിക്കാനും സാധിക്കില്ലെന്നും നാസയും അറിയിച്ചു.
ഇത്രയധികം ഇന്റർനെറ്റ് ഉപഗ്രഹങ്ങൾ ഒന്നിച്ച് നശിച്ചത് ആഗോള തലത്തിൽ ഏതൊക്കെ മേഖലകളെ ബാധിക്കുമെന്നത് അറിവായിട്ടില്ല. ഉപഗ്രഹങ്ങൾ നിർമ്മിക്കാൻ എത്രരൂപ ചെലവായി എന്നതും സ്‌പേസ് എക്‌സ് പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും ഒരു ഉപഗ്രഹത്തിന് കുറഞ്ഞത് 75 കോടി രൂപയെങ്കിലും ചിലവായിട്ടുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ഇതുവരെ 2000 ഉപഗ്രഹങ്ങളാണ് സ്‌പേസ് എക്‌സ് ബഹിരാകാശത്തേക്ക് ഇന്റർനെറ്റ് ആവശ്യങ്ങൾക്കായി വിക്ഷേപിച്ചത്. ആഗോളതലത്തിലെ ആവശ്യങ്ങൾ നിറവേറ്റാനായി കുറഞ്ഞത് 42,000 ഉപഗ്രഹങ്ങളെങ്കിലും ആവശ്യമുണ്ടെന്നാണ് സ്‌പേസ് എക്‌സ് പറയുന്നത്. 25 രാജ്യങ്ങളിലായി 1.45 കോടി ഉപഭോക്താക്കളാണ് ഇന്റർനെറ്റ് സേവനം ഉപയോഗപ്പെടുത്തു ന്നതെന്നും സ്‌പേസ് എക്‌സ് അറിയിച്ചു.
















Comments