കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളിയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. സിനിമയിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന പോലീസിന്റെ റിപ്പോർട്ട് അംഗീകരിച്ചുള്ളതാണ് ഹൈക്കോടതിയുടെ ഉത്തരവ്. ചുരുളിയുടെ പ്രദർശനം ഒടിടി പ്ലാറ്റ്‌ഫോമിൽ തുടരും. തൃശൂർ സ്വദേശിനിയായ അഭിഭാഷകയാണ് ചുരുളി സിനിമയ്‌ക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
അശ്ലീല വാക്കുകളുടെ അതിപ്രസരമാണ് ചിത്രത്തിലുടനീളമുള്ളതെന്നാണ് അഭിഭാഷക ഹർജിയിൽ പറഞ്ഞിരുന്നത്. ഹർജി പരിഗണിച്ച കോടതി ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഡിജിപിയ്‌ക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനായി ഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സമിതി രൂപീകരിച്ച് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
സിനിമ പരിശോധിച്ച പോലീസ് ചുരുളിയ്‌ക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. സിനിമയിലെ ഭാഷാ പ്രയോഗം സന്ദർഭത്തിന് യോജിച്ചതെന്നാണ് പോലീസ് വിലയിരുത്തിയത്. ഒടിടി പൊതു ഇടമായി കണക്കാക്കാനാവില്ല. ഭാഷകളിലോ ദൃശ്യങ്ങളിലോ നിയമലംഘനം ഇല്ല. ഭരണഘടന നൽകുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം ലംഘിച്ചിട്ടില്ല. ചുരുളി സങ്കല്പ ഗ്രാമത്തിന്റെ കഥ മാത്രം. പ്രദർശനത്തിന് മുമ്പ് തന്നെ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെന്നും പോലീസിന്റെ പ്രത്യേക സംഘം വ്യക്തമാക്കിയിരുന്നു.
Comments