ന്യൂഡൽഗി : കർണാടയിൽ വിവാദമായിരിക്കുന്ന ഹിജാബ് വിഷയം സുപ്രീം കോടതി പരിഗണിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് മുതിർന്ന നേതാവ് കപിൽ സിബൽ രംഗത്ത്. ഹൈക്കോടതിയിലെ മൂന്നംഗ ബെഞ്ച് കേസിന്റെ വാദം കേൾക്കുന്ന സാഹചര്യത്തിലാണ് കപിൽ സിബൽ ആവശ്യവുമായെത്തിയത്. കർണാടകയിൽ നടക്കുന്ന സംഭവം രാജ്യത്തെ മുഴുവൻ ബാധിച്ച് കഴിഞ്ഞെന്നും ഇത് സുപ്രീം കോടതി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ വാദം ആദ്യം ഹൈക്കോടതി കേൾക്കട്ടേയെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ മറുപടി നൽകി.
കർണാടകയിലെ ഹിജാബ് വിഷയം രാജ്യം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. പരീക്ഷകൾ ആരംഭിക്കാൻ രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. ഈ സാഹചര്യത്തിൽ ഫാത്തിമ ബുഷ്‌റ എന്ന കോളേജ് വിദ്യാർത്ഥി സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു. ഉന്നത കോടതിയുടെ 9 അംഗ ബെഞ്ച് ഇത് ഏറ്റെടുക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാൽ ഇപ്പോൾ സുപ്രീം കോടതിക്ക് ഇത് പരിഗണിക്കാൻ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹൈക്കോടതി വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്നും സുപ്രീം കോടതി ഇടപെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു.
















Comments