ചെന്നൈ: ഹിജാബ് വിഷയത്തില്‍ കടുത്ത പ്രതികരണവുമായി മദ്രാസ് ഹൈക്കോടതി. ഡ്രസ്‌കോഡിന്റെ പേരില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഉയരുന്ന വിവാദം ഞെട്ടിപ്പിച്ചുവെന്ന് മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മുനീശ്വര്‍നാഥ് ഭണ്ഡാരി. രാജ്യമാണോ, അതോ മതമാണോ വലുതെന്ന് അദ്ദേഹം ചോദിച്ചു. ശരിക്കും ഹിജാബ് വിവാദം ഞെട്ടിക്കുന്നതായിരുന്നു. ചിലര്‍ ഹിജാബിന്റെ പിറകെ പോകുന്നു, ചിലര്‍ തൊപ്പിയും മറ്റുചിലര്‍ വേറെചിലതിന്റെയും പേരില്‍ വിവാദം സൃഷ്ടിക്കുകയാണന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം വിവാദങ്ങള്‍ക്കു പിന്നിലെ താല്‍പര്യങ്ങള്‍ എന്താണെന്ന ചോദ്യമുയരുകയാണ്. ഇത് ഒറ്റ രാജ്യമാണോ അതോ മതത്തിന്റെയും മറ്റു ചിലതിന്റെയും പേരില്‍ വിഭജിക്കപ്പെടുകയാണോയെന്നും അദ്ദേഹം ചോദിച്ചു. അത് അതിശയിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഒരു മതേതര രാജ്യമാണ് എന്നാല്‍ സമകാലിക സംഭവങ്ങള്‍ കാണിക്കുന്നത് രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നുവെന്നാണ്. അതല്ലാതെ മറ്റൊന്നും ഇത്തരം വിവാദങ്ങളില്‍ നിന്നു കണ്ടെത്താനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസികള്‍ക്ക് ഡ്രസ് കോഡ് വേണമെന്ന് ആവശ്യപ്പെട്ട് ശ്രീരംഗത്തെ സാമൂഹികപ്രവര്‍ത്തകന്‍ രംഗരാജന്‍ നരസിംഹന്‍ നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. ക്ഷേത്രവിശ്വാസികള്‍ അണിയുന്ന അത്തരം ഒരു ഡ്രസ്‌കോഡ് കാണിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കൂടാതെ കോടതിയില്‍ നേരിട്ടു പ്രവേശിക്കുന്നതില്‍ നിന്നും ഇയാളെ വിലക്കിയ കോടതി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കാനും ആവശ്യപ്പെട്ടു. ഓരോ ക്ഷേത്രങ്ങള്‍ക്കും അതിന്റെതായ ആചാരങ്ങളും വിശ്വാസങ്ങളുമുണ്ടെന്നും ഇതരമതവിഭാഗങ്ങള്‍ക്ക് കൊടിമരം വരെ പ്രവേശനം അനുവദിക്കുന്നുണ്ടെന്നും അഡ്വക്കറ്റ് ജനറല്‍ ആര്‍. ഷണ്‍മുഖ സുന്ദരം വ്യക്തമാക്കി.
















Comments