ന്യൂഡൽഹി : സെൻസൊഡൈൻ ഉത്പന്നങ്ങളുടെ പരസ്യങ്ങൾക്ക് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തി സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി. പരസ്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി. സെൻസൊഡൈന്റെ ഇന്ത്യയിലെ പരസ്യങ്ങൾ പിൻവലിക്കണമെന്ന് നിർമ്മാണ കമ്പനിയായ ഗാലക്‌സോ സ്മിത്ത് ക്ലിനോട് അതോറിറ്റി നിർദ്ദേശിച്ചു.
ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷൻ 2(28) പ്രകാരമാണ് നടപടി. ഏഴ് ദിവസങ്ങൾക്കുള്ളിൽ പരസ്യങ്ങൾ പിൻവലിക്കണമെന്നാണ് സിസിപിഎ നൽകിയിരിക്കുന്ന നിർദ്ദേശം. ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്ന പരസ്യങ്ങളിൽ വിദേശത്തു നിന്നുള്ള ദന്തരോഗ വിദഗ്ധരെ ഉൾപ്പെടുത്തിയതിനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ ദന്തരോഗ വിദഗ്ധർക്ക് പരസ്യങ്ങളിൽ ഉത്പന്നങ്ങൾ സാക്ഷ്യപ്പെടുത്തുന്നതിന് വിലക്കുണ്ട്. ഈ സാഹചര്യത്തിൽ വിദേശികളെ ഉൾപ്പെടെയുത്തിക്കൊണ്ടുള്ള പരസ്യം അംഗീകരിക്കാനാകില്ല. വിദേശത്തു നിന്നുള്ള ദന്തരോഗ വിദഗ്ധർ ഇന്ത്യൻ വിപണി ചൂഷണം ചെയ്യുന്നത് അനുവദിക്കാനാകില്ലെന്നും സിസിപിഎ വ്യക്തമാക്കി. നിലവിൽ സെൻസൊഡൈന്റെ ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ് എന്നിവയുടെ പരസ്യങ്ങളാണ് ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നത്.
നിയമ ലംഘനത്തിന് ഓൺലൈൻ ഷോപ്പിംഗ് കമ്പനിയായ നാപ്‌റ്റോളിന് സിസിപിഎ പിഴ വിധിച്ചിട്ടുണ്ട്. സാമ്പത്തിക നേട്ടത്തിനായി പരസ്യങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചത്.. 10 ലക്ഷം രൂപ പിഴ നൽകാനാണ് സിസിപിഎയുടെ നിർദ്ദേശം.















