മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പ്രാദേശിക ആർഎസ്എസ് പ്രവർത്തകൻ നൽകിയ മാനനഷ്ടക്കേസിന്റെ വാദം ഫെബ്രുവരി 22 മുതൽ ആരംഭിക്കുമെന്ന് താനെ ജില്ലയിലെ ഭിവണ്ടിയിലെ കോടതി വ്യാഴാഴ്ച അറിയിച്ചു. നേരത്തെ ഫെബ്രുവരി 10 മുതലാണ് വിചാരണ തുടങ്ങേണ്ടിയിരുന്നത്.
ഈ വിഷയത്തിൽ കീഴ്‌ക്കോടതികളുടെ ചില ഉത്തരവുകൾ ചോദ്യം ചെയ്തുള്ള തങ്ങളുടെ റിട്ട് ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും, അതിനാൽ വാദം കേൾക്കുന്നത് തീർപ്പാക്കുന്നതുവരെ മാറ്റിവെക്കണമെന്നും പരാതിക്കാരനായ രാജേഷ് കുന്റെയെ പ്രതിനിധീകരിച്ച് അഭിഭാഷകരായ പ്രബോധ് ജയ്വന്തും ഗണേഷ് ധർഗൽക്കറും കോടതിയെ അറിയിച്ചു. എന്നാൽ, നടപടികൾക്ക് സ്റ്റേ ഇല്ലാത്തതിനാൽ ഫെബ്രുവരി 22 മുതൽ വാദം കേൾക്കൽ ആരംഭിക്കാമെന്ന് ജോയിന്റ് സിവിൽ ജഡ്ജിയും മജിസ്ട്രേറ്റുമായ ജെ വി പലിവാൾ പറഞ്ഞു.
പരാതിക്കാരന്റെ തെളിവുകൾ അടുത്ത തീയതി മുതൽ രേഖപ്പെടുത്തുമെന്നും ജഡ്ജി പറഞ്ഞു. രാഷ്‌ട്രീയ സ്വയംസേവക് സംഘത്തിന്റെ പ്രാദേശിക പ്രവർത്തകനായ കുന്റെയാണ് 2014-ൽ രാഹുൽ ഗാന്ധിക്കെതിരെ കേസ് ഫയൽ ചെയ്തത്. ഭിവണ്ടിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസ് നേതാവ് മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് ആരോപിച്ചു. തെറ്റായ ആരോപണം ഉന്നയിച്ച് സംഘടനയുടെ പ്രതിച്ഛായ മോശമാക്കിയെന്നും പരാതിയിൽ പറയുന്നു. 2018ൽ ആണ് രാഹുൽ ഗാന്ധിക്കെതിരെ കോടതി കുറ്റം ചുമത്തിയത്.
















Comments