ലക്‌നൗ: ഉത്തർപ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ രണ്ടാം ഘട്ട പ്രചാരണം ശക്തമാക്കി ബിജെപി. ഉത്തർപ്രദേശിലേയും ഉത്തരാഖണ്ഡിലേയും പൊതുറാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഉത്തരാഖണ്ഡിലെ അൽമോറയിലേയും ഉത്തർപ്രദേശിലെ കാസ്ഗഞ്ചിലേയും പ്രചാരണ റാലിയെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക.
12 മണിക്കാകും ഉത്തരാഖണ്ഡിലെ പരിപാടി നടക്കുക. 2.25ന് ഉത്തർപ്രദേശിലേയും നടക്കും. കഴിഞ്ഞ വ്യാഴാഴ്ച യുപിയിലെ സഹരൻപൂർ, ഉത്തരാഖണ്ഡിലെ ശ്രീനഗർ, ഗോവയിലെ മപുസ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് റാലികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രിയോടൊപ്പം ഉത്തർപ്രദേശിലെ പരിപാടിയിൽ പങ്കെടുക്കും.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിൽ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ഇവിടുത്തെ ആദ്യഘട്ട വോട്ടെടുപ്പാണ് ഇന്നലെ നടന്നത്. അവസാന ഘട്ട പോളിംഗ് മാർച്ച് 7ന് നടക്കും. ഉത്തരാഖണ്ഡിലും ഗോവയിലും ഒറ്റഘട്ടമായി ഫെബ്രുവരി 14നാണ് വോട്ടെടുപ്പ്. പഞ്ചാബിൽ ഫെബ്രുവരി 20നും മണിപ്പൂരിൽ ഫെബ്രുവരി 28 നും തെരഞ്ഞെടുപ്പ് നടക്കും.
















Comments