ബംഗളൂരു : ഹിജാബ് മുസ്ലീങ്ങളുടെ അവകാശമാണെന്ന വാദവുമായി ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ. ഹിജാബിനെയും കാവി ഷോളിനേയും ഒരിക്കലും താരതമ്യം ചെയ്യാൻ സാധിക്കില്ലെന്നും കർണാടകയിലെ ക്യാമ്പസ് ഫ്രണ്ട് പ്രസിഡന്റ് അതൗള്ള പുഞ്ചലാക്കാട്ടെ പറഞ്ഞു. ക്യാമ്പസിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് ഹൈക്കോടതി വിലക്കിയ സാഹചര്യത്തിലാണ് പ്രതിഷേധവുമായി ക്യാമ്പസ് ഫ്രണ്ട് രംഗത്തെത്തിയത്. കേസ് വീണ്ടും പരിഗണിക്കുന്നത് വരെയാണ് ഹിജാബ് ഉൾപ്പെടെയുള്ള മതപരമായ വസ്ത്രങ്ങൾക്ക് ക്യാമ്പസിൽ വിലക്കേർപ്പെടുത്തിയത്.
ഹിജാബ് മുസ്ലീങ്ങളുടെ അവകാശമാണെന്നാണ് ഇവർ പറയുന്നത്. ഇതിനെ കാവി ഷോളുമായി താരതമ്യം ചെയ്യാൻ സാധിക്കില്ല. കാവി ഷോളിട്ട് വന്ന് കുട്ടികൾ സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുകയാണ്. ഇത് ബിജെപിയുടേയും എബിവിപിയുടേയും നീക്കമാണെന്നും ക്യാമ്പസ് ഫ്രണ്ട് ആരോപിക്കുന്നുണ്ട്. കാവി ഷോളിട്ട് വരുന്നവർ റോഡ് ഉപരോധിക്കുകയും പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ടെന്നും അതൗള്ള പുഞ്ചലക്കാട്ടെ വാദിച്ചു.
അതേസമയം ഹിജാബ് വിഷത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതിയും അറിയിച്ചു. ഹിജാബ് വിഷത്തിൽ വിധി വരും വരെ കോളേജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന കർണ്ണാടക ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് മുസ്ലീം വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി പരിഗണിക്കാനാകില്ലെന്ന് ഉന്നത കോടതി വ്യക്തമാക്കി.
ഈ മാസം 14ന് കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചത്. ഈ ആവശ്യം സുപ്രീം കോടതി ഇന്നലേയും നിരസിച്ചിരുന്നു. കർണാടക ഹൈക്കോടതി വിഷയം ഗൗരവത്തോടെ പരിഗണിക്കുന്നുണ്ടെന്നാണ് ചീഫ് ജസ്റ്റിസ് എൻവി രമണ പറഞ്ഞത്.
















Comments