അന്തരിച്ച പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം ‘ജെയിംസി’ന്റെ ടീസർ പുറത്ത്. ചേതൻ കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ത്രില്ലറാണ്. പുനീതിന്റെ മരണത്തിന് ശേഷം തീയേറ്ററിൽ എത്തുന്ന ചിത്രം കൂടിയാണിത്. താരത്തിന്റെ ജന്മദിനമായ മാർച്ച് 17ന് ചിത്രം തീയേറ്ററിൽ എത്തും. പുനീത് ബാക്കിവെച്ച ഭാഗങ്ങൾക്ക് സിനിമയിൽ ശബ്ദം നൽകിയിരിക്കുന്നത് സഹോദരനും നടനുമായ ശിവരാജ് കുമാറാണ്.
സൈനികന്റെ വേഷത്തിലാണ് ചിത്രത്തിൽ പുനീത് എത്തുന്നത്. പ്രിയ ആനന്ദ്, അനു പ്രചാകർ, ശ്രീകാന്ത്, ശരത് കുമാർ, മുകേഷ് റിഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. താരത്തോടുള്ള ആദരസൂചകമായി കർണാടകയിൽ ഒരാഴ്‌ച്ച പുതിയ കന്നഡ ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന് ചലച്ചിത്ര പ്രവർത്തകരും വിതരണക്കാരും അറിയിച്ചിട്ടുണ്ട്. മാർച്ച് 17 മുതൽ 23 വരെ ജെയിംസ് സോളോ റിലീസായി തീയേറ്ററിൽ ഉണ്ടാകും.
കന്നഡയിലെ പവർ സ്റ്റാർ എന്നറിയപ്പെടുന്ന പുനീത് രാജ്കുമാർ കഴിഞ്ഞ ഒക്ടോബറിലാണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുന്നത്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ പുനീതിന് ഉണ്ടായിരുന്നില്ല. ജിമ്മിൽവെച്ച് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രിയതാരത്തിന്റെ മരണ വാർത്ത ഏറെ വേദനയോടെയാണ് സിനിമാ ലോകം സ്വീകരിച്ചത്.
















Comments