ബംഗളൂരു : സംസ്ഥാനത്ത് ഹിജാബിന്റെ പേരിൽ അരങ്ങേറുന്ന അക്രമസംഭവങ്ങൾ വേദനാജനകമെന്ന് കർണാടക ഹൈക്കോടതി. ഹിജാബ് വിഷയത്തിൽ ഇടക്കാല വിധി പ്രസ്താവിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം. രാജ്യത്ത് മതം, സംസ്‌കാരം തുടങ്ങിയവയുടെ പേരിൽ സമാധാന അന്തരീക്ഷം തകർക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി, ജസ്റ്റിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, ജെ.എം ഖാസി എന്നിവർ അടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് വിഷയത്തിൽ ഇടക്കാല വിധി പറഞ്ഞത്. സംസ്ഥാനത്ത് അരങ്ങേറുന്ന സംഭവവികാസങ്ങൾ കോടതിയെ വളരെയധികം വേദനിപ്പിക്കുന്നുവെന്ന് പരാമർശിച്ചുകൊണ്ടായിരുന്നു ബെഞ്ച് വിധി പ്രസ്താവിക്കാൻ ആരംഭിച്ചത്. ഹിജാബുമായി ബന്ധപ്പെട്ടുള്ള അക്രമങ്ങളും, ഇതേ തുടർന്ന് വിദ്യഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ ഉണ്ടായ സാഹചര്യവും വേദനാജനകമാണ്. ഭരണഘടനാപരമായ അവകാശങ്ങളും, വ്യക്തിഗത നിയമങ്ങളും ഒരേ സമയം തർക്കത്തിലേർപ്പെടുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. വിവിധ ഭാഷകൾ, സംസ്‌കാരങ്ങൾ, മതങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് നമ്മുടെ രാജ്യം. മതനിരപേക്ഷ രാജ്യമെന്ന നിലവിൽ ഏതെങ്കിലും ഒരു മതത്തിന്റെ പേരിൽ രാജ്യം അറിയപ്പെടാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.
സ്വന്തം വിശ്വാസങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ ഏവർക്കും അവകാശമുണ്ട്. എന്നാൽ ഇത് സമ്പൂർണ അവകാശമല്ല. നിയന്ത്രണങ്ങൾക്ക് വിധേയമാണ്. ക്ലാസിൽ ഹിജാബ് ധരിച്ച് പ്രവേശിക്കുന്നത് മതപരമായകാര്യമാണ്. അക്കദമിക വർഷം വളരെ വേഗം അവസാനിക്കും. പൊതുജനങ്ങൾ സമാധാനം പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.
ഹിജാബ് ധരിച്ച് ക്ലാസിൽ പ്രവേശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉടുപ്പിയിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികളാണ് ഹർജി നൽകിയത്. ഹർജിയിൽ കോടതി തിങ്കളാഴ്ച അന്തിമ വിധി പറയും.
















Comments