തൃശ്ശൂർ : പുതുക്കാട് ചരക്ക് തീവണ്ടി പാളം തെറ്റിയതിനെ തുടർന്ന് തടസ്സപ്പെട്ട തീവണ്ടി ഗതാഗതം പുന:സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ചരക്ക് തീവണ്ടിയെ പാളത്തിൽ നിന്നും നീക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപം തീവണ്ടി പാളം തെറ്റിയത്.
നിലവിൽ ചാലക്കുടിക്കും ഒല്ലൂരിനുമിടയിൽ ഒറ്റവരിയിലൂടെയാണ് ഗതാഗതം. തീവണ്ടി പാളത്തിൽ നിന്നും നീക്കുന്നതോടെ ഇരുവരി ഗതാഗതം പുന:സ്ഥാപിക്കും. രാത്രി മുഴുവൻ തീവണ്ടി പാളത്തിൽ നിന്നും നീക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയായിരുന്നു. പാളം തെറ്റിയ നാല് ബോഗികൾ പാളത്തിൽ നിന്നും നീക്കിയിട്ടുണ്ട്. എൻജിൻ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.
ചരക്ക് തീവണ്ടി പാളം തെറ്റിയതിനെ തുടർന്ന് എട്ട് തീവണ്ടികൾ പൂർണമായും, ആറ് തീവണ്ടികൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്‌സ്പ്രസ്, ഷൊർണൂർ- എറണാകുളം മെമു, കോട്ടയം – നിലമ്പൂർ എക്‌സ്പ്രസ്, എറണാകുളം-പാലക്കാട് മെമു, എറണാകുളം- കണ്ണൂർ ഇന്റർസിറ്റി എക്‌സ്പ്രസ്, ഗുരുവായൂർ- എറണാകുളം എക്‌സ്പ്രസ്, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ്, തിരുവനന്തപുരം- എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്, എന്നിവയാണ് റദ്ദാക്കിയത്. രണ്ട് തീവണ്ടികൾ വൈകിയോടുന്നുണ്ട്. തിരുവനന്തപുരം- നിസാമുദ്ദീൻ എക്‌സ്പ്രസ്, തിരുവനന്തപുരം- മംഗലാപുരം ഏറനാട് എക്‌സ്പ്രസ് എന്നിവയാണ് വൈകിയോടുന്നത്.
തൃശ്ശൂരിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് തീവണ്ടി പാളം തെറ്റിയത്. എൻജിനും, നാല് ബോഗികളുമാണ് പാളം തെറ്റിയത്.
Comments