കോഴിക്കോട് : അട്ടപ്പാടിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ചികിത്സക്ക് പോയ വനവാസി യുവാവിനെ കാണാതായതായി പരാതി. ചീരക്കടവ് വനവാസി ഊരിലെ രാമനെയാണ് കാണാതായത്. കഴിഞ്ഞ മാസമാണ് മർദ്ദനത്തിൽ പരിക്കേറ്റ രാമനെ ശസ്ത്രക്രിയയ്‌ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജനുവരി 19 ന് ചീരക്കടവ് ഊരിൽ ചിന്നൻ എന്നയാളുടെ ആക്രമണത്തിലാണ് രാമന് പരിക്കേറ്റത്. ഇതേ തുടർന്ന് രാമനെ കോട്ടത്തറ ആശുപത്രിയിലും, ഇവിടെ നിന്ന് പാലക്കാട് ജല്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്നുമാണ് ശസ്ത്രക്രിയക്കായ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്
കൂടെയുണ്ടായിരുന്ന ബൈ സ്റ്റാൻഡർ ഭക്ഷണം വാങ്ങിക്കാൻ പോയപ്പോഴാണ് ഇയാളെ കാണാതായത്. മാനസികാസ്വാസ്ഥ്യമുള്ള ആളാണ് രാമൻ എന്നാണ് വിവരം.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ യുവാവ് പുറത്തു പോയതായി കാണുന്നില്ല. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം നടക്കുന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
സർക്കാർ കാര്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ സമരം ചെയ്യാനാണ് നാട്ടുകാരുടെ തീരുമാനം. രാമനെ മർദ്ദിച്ച ആൾക്കെതിരെയും അഗളി പോലീസ് നടപടി എടുത്തിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
Comments