ലക്‌നൗ: കേരളത്തിലെ ഇസ്ലാമിക ഭീകരതയുടെ വ്യാപ്തിയും കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ക്രമസമാധാനപാലനത്തിലെ പരാജയവും മനസ്സിലാക്കിയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വോട്ട് കൃത്യമായി വിനിയോഗിച്ചെങ്കില്‍ യുപി കേരളമാകുമെന്ന് പറഞ്ഞത്. എന്നാൽ ഇത് കേരളത്തെ അപമാനിക്കലാണെന്ന തരത്തിൽ പ്രചാരണം അഴിച്ചുവിടുകയായിരുന്നു ഇടതു -വലതു മുന്നണികള്‍.
23 കോടി ജനങ്ങളുള്ള യുപിയും മൂന്നരകോടി ജനങ്ങള്‍ മാത്രമുള്ള കേരളവും തമ്മിലുള്ള താരതമ്യപ്പെടുത്തല്‍ അസ്ഥാനത്താണ്. കേരളം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ യുപിയെക്കാള്‍ മുന്നിലാണെന്നത് ശരിയാണ്. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം വിലയിരുത്തുമ്പോള്‍ യുപിയില്‍ വന്‍മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സിപിഎം ഭരണം കൊണ്ടല്ല കേരളം ഈ നേട്ടം കൈവരിച്ചത്.
യുപി പിന്നാക്കം പോകാന്‍ കാരണം മുന്‍ സംസ്ഥാന സര്‍ക്കാരുകളായിരുന്നു.1951 ലാണ് ഉത്തര്‍പ്രദേശില്‍ ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. ദേശീയതലത്തില്‍ എന്ന പോലെ യുപിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി. ഗോവിന്ദ് ബല്ലവ് പന്ത് ആദ്യ മുഖ്യമന്ത്രിയായി. 1951 മുതല്‍ 1988 വരെ യുപി രാഷ്‌ട്രീയം കോണ്‍ഗ്രസ്സിനെ കേന്ദ്രീകരിച്ചായിരുന്നു. ഗോവിന്ദ് ബല്ലവ് പന്ത് മുതല്‍ എന്‍.ഡി. തിവാരി വരെയുള്ള പത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ ഇക്കാലയളവില്‍ യുപി കണ്ടു. 1998ല്‍ കോണ്‍ഗ്രസ് നേതാവായ ജഗദംബിക പാല്‍ മുഖ്യമന്ത്രിയായെങ്കിലും ഒരു ദിവസം മാത്രമാണ് കസേരയില്‍ ഇരിക്കാനായത്.
പ്രധാനമന്ത്രിമാരായിരുന്ന നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവര്‍ തുടര്‍ച്ചയായി യുപിയിലെ ഫുല്‍പൂര്‍, റായ്ബറേലി, അമേഠി തുടങ്ങിയ മണ്ഡലങ്ങളില്‍ നിന്നാണ് ലോകസഭയില്‍ എത്തിയത്. എന്നാല്‍ യുപിയുടെ വികസനമോ തങ്ങള്‍ പ്രതിനിധീകരിച്ച മണ്ഡലത്തിന്റെ വികസനമോ ഉറപ്പുവരുത്താന്‍ ഇവര്‍ക്കായില്ല. നെഹ്‌റു കുടുംബവും കോണ്‍ഗ്രസും യുപിയുടെ പിന്നോക്കാവസ്ഥയ്‌ക്ക് പ്രത്യക്ഷമായി തന്നെ കാരണക്കാരാണ്.
റായ്ബറേലിയിലും അമേഠിയിലും വികസനവെളിച്ചം 2017 വരെ എത്തിയില്ല എന്നതു സംബന്ധിച്ച വാര്‍ത്തകള്‍ ജനവും ജന്മഭൂമിയും മാത്രമല്ല പുറത്തുവിട്ടത്. ഇരുമണ്ഡലങ്ങളുടെയും പിന്നോക്കാവസ്ഥ സംബന്ധിച്ച് ബിജെപി വിരുദ്ധ മാദ്ധ്യമങ്ങളും വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പരിപാടികളും സംപ്രേക്ഷണം ചെയ്തിരുന്നു.
ബിജെപി അധികാരത്തില്‍
രാമജന്മഭൂമി പ്രക്ഷോഭം കത്തിനിന്ന 1991ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ യുപിയില്‍ ആദ്യമായി ബിജെപി അധി കാരത്തിലെത്തി. 435 അംഗ നിയമസഭയില്‍ 221 സീറ്റ് നേടി യാണ് ബിജെപി ഭരണം പിടിച്ചത്. എന്നാല്‍ അയോദ്ധ്യയില്‍ തര്‍ക്കമന്ദിരം 1992 ഡിസംബര്‍ ആറിന് തകര്‍ന്നു വീണതോട നരസിംഹറാവു സര്‍ക്കാര്‍ കല്യാണ്‍സിങ്ങ് സര്‍ക്കാരിനെ പിരിച്ചുവിട്ടു. 1996 വിണ്ടും ബിജെപി ഭരണത്തിലേറിയെങ്കിലും കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ രാഷ്‌ട്രീയ അനിശ്ചിതത്വമായി. 2002 മുതല്‍ 2007 വരെ മുലായം സിങ് യാദവ്, 2007 മുതല്‍ 2012 വരെ മായാവതി. 2012 മുതല്‍ 2017 വരെ അഖിലേഷ് യാദവ് തുടങ്ങിയവര്‍ മുഖ്യമന്ത്രി കസേരയില്‍ എത്തി. 1951നും 2017നും ഇടയില്‍ ബിജെപി സംസ്ഥാനത്ത് അധികാരത്തിലിരുന്നത് ചുരുങ്ങിയ കാലയളവില്‍ മാത്രം.
യോഗി വരുന്നു
2017 മാര്‍ച്ച് 11ന് പുതുചരിത്രം പിറന്നു. 403 അംഗനിയമ സഭയില്‍ 312 അംഗങ്ങളുമായി ബിജെപി ഭരണത്തിലെത്തി. ഉത്തര്‍പ്രദേശിലെ രാഷ്‌ട്രീയസമവാക്യങ്ങള്‍ അട്ടിമറിക്കുന്നതായിരുന്നു ബിജെപിയുടെ മേല്‍ക്കൈ. മാര്‍ച്ച് 19ന് യുപിയുടെ 22-ാമത് മുഖ്യമന്ത്രിയായി യോഗി അധികാരത്തിലേറി. തുടര്‍ന്ന് യുപി കണ്ടത് ഇതുവരെ കാണാത്ത ഭരണമായിരുന്നു. പതിറ്റാണ്ടുകള്‍ നിലനിന്ന ഗുണ്ടാരാജ് ഇല്ലാതാക്കി. 150 ഗുണ്ടാത്തലവന്മാരെയാണ് പ്രത്യേക ഓപ്പറേഷനിലൂടെ കൊലപ്പെടുത്തിയത്. 36,990 ക്രിമിനലുകള്‍ ഗുണ്ടാആക്ട് പ്രകാരവും 523 പേര്‍ ദേശീയ സുരക്ഷാ നിയമപ്രകാരവും ജയിലിലടക്കപ്പെട്ടു. ഇതില്‍ കേരളത്തില്‍ നിന്നുള്ള നാല് പോപ്പുലര്‍ഫ്രണ്ട് ഭീകരരും ഉള്‍പ്പെടും.

കേരളത്തിലെ ആരോഗ്യമേഖലയെപ്പറ്റി വിവരിക്കുന്നവര്‍ ഈ കണക്ക് കാണണം. 1947 മുതല്‍ 2017 വരെ യുപിയിലെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം 12 ആയിരുന്നു. യോഗിയുടെ ഭരണം അഞ്ചു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 57 ആയി ഉയര്‍ന്നു.

രണ്ട് എക്‌സ്പ്രസ് ഹൈവേകള്‍ മാത്രമുണ്ടായിരുന്നിടത്ത് ആറ് എക്‌സ്പ്രസ് ഹൈവേകള്‍. എയര്‍പോര്‍ട്ടുകളുടെ എണ്ണം രണ്ടില്‍ നിന്ന് ആറായി. ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളത്തിന്റെ നിര്‍മ്മാണം നോയിഡക്കടുത്ത ജോവറില്‍ പുരോഗമിക്കുകയാണ്.

പാവപ്പെട്ടവര്‍ക്കായി 43 ലക്ഷം വീടുകളാണ് നിര്‍മ്മിച്ചു നല്‍കിയത്. ഒരു സംസ്ഥാന സര്‍ക്കാരും അഞ്ചു വര്‍ഷത്തിനിടെ ഇത്രെയധികം വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടില്ല. മൂന്നരകോടി ജനങ്ങളുള്ള കേരളത്തില്‍ കൊവിഡ് മരണങ്ങള്‍ 60,000 കടന്നു. 23 കോടി ജനങ്ങളുള്ള യുപിയില്‍ മരണസഖ്യ 23,000 മാത്രമാണ്.

പതിറ്റാണ്ടുകള്‍ വികസനത്തിന്റെ പുറമ്പോക്കില്‍ തളയ്‌ക്കപ്പെട്ട ഉത്തര്‍പ്രദേശിന് പുതിയ ദിശാബോധം നല്‍കുകയായിരുന്നു യോഗി. മോദിയും യോഗിയും ചേര്‍ന്ന് യുപിയെ ഇന്ത്യയിലെ നമ്പര്‍വണ്‍ സംസ്ഥാനമാക്കാനുള്ള പ്രയത്‌നത്തിലാണ്. യുപി മോഡല്‍ ഡെവലപ്‌മെന്റ് ഇന്ന് രാഷ്‌ട്രം ചര്‍ച്ച ചെയ്യുകയാണ്. ഭാവി ഭാരതത്തിന്റെ പ്രതീക്ഷയാണ് യോഗി.

















Comments