കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ അദ്ധ്യക്ഷനും സ്വർണക്കടത്ത് കേസ് പ്രതിയുമായ എം ശിവശങ്കറിന്റെ ആത്മകഥയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ച് കേന്ദ്രം. എം ശിവശങ്കർ മുൻകൂട്ടി അനുവാദം വാങ്ങാതെ ആത്മകഥയെഴുതിയത് സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ പഴ്‌സനൽ ആന്റ ട്രെയിനിംഗ് വകുപ്പ് ( ഡിഒപിടി) ആണ് അന്വേഷണം ആരംഭിച്ചത്. പുസ്തകത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളെയും അഡീഷണൽ സോളിസിറ്റർ ജനറലിന്റെയും വിശ്വാസ്യത കളങ്കപ്പെടുത്തുന്ന പരാമർശങ്ങൾ ഉണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
കേന്ദ്ര ഏജൻസികളെ കളങ്കപ്പെടുത്തുന്ന വസ്തുതാവിരുദ്ധമായ പ്രസ്താവനകളാണ് ആത്മകഥയിൽ ഉള്ളതെന്നാണ് ഇന്റലിജൻസ് ബ്യൂറോയുടെ കണ്ടെത്തൽ. കേന്ദ്ര ഏജൻസികൾക്കു വേണ്ടി കോടതിയിൽ ഹാജരായ ഇന്ത്യയുടെ അഡീഷനൽ സോളിസിറ്റർ ജനറലിനെ ‘കോടതിയോട് നുണപറയുന്ന സർക്കാർ വക്കീൽ’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇതു ഗുരുതര അച്ചടക്ക ലംഘനമാണെന്ന് നിയമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അഡീഷനൽ സോളിസിറ്റർ ജനറലിന്റെ വാദങ്ങൾ അംഗീകരിച്ച കോടതിവിധികളുടെ പവിത്രത ചോദ്യം ചെയ്യുന്നതാണ് ഈ പ്രസ്താവനകൾ എന്നാണ് വിലയിരുത്തൽ.
സ്വർണക്കടത്ത്, ഡോളർ കടത്തു കേസുകളിൽ ശിവശങ്കറിനെതിരെ അന്വേഷണം നടത്തുന്ന കസ്റ്റംസ്, കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളും പുസ്തകത്തിലുണ്ട്. പോക്‌സോ കേസ് പ്രതിയായ സഹതടവുകാരനെയും ജയിൽ ചട്ടം ലംഘിച്ചു സഹായം ചെയ്ത ജയിൽ ഉദ്യോഗസ്ഥനെയും പുസ്തകത്തിൽ വാനോളം പുകഴ്‌ത്തുന്നുണ്ട്.
സ്വർണക്കടത്ത് കേസിൽ പ്രതിയായി സസ്‌പെൻഷനിലായ ശിവശങ്കർ സർവീസിൽ തിരിച്ചെത്തിയ ഉടൻ വിചാരണ പൂർത്തിയാക്കാത്ത കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ, വസ്തുതാവിരുദ്ധമായ പരാമർശങ്ങളും തെറ്റിധാരണയുണ്ടാക്കുന്ന അഭിപ്രായങ്ങൾ ഉൾപ്പെടെ പുസ്തകത്തിൽ പ്രസിദ്ധീകരിച്ചതും സർക്കാരിനെ ഇത് മുൻകൂട്ടി അറിയിക്കാത്തതും നിയമലംഘനമാണെന്നാണ് കണ്ടെത്തൽ. സ്വർണക്കടത്ത് കേസിൽ പ്രതിയായ രാജ്യത്തെ ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കർ അന്വേഷണം പൂർത്തിയാക്കി വിചാരണ ആരംഭിക്കാത്ത കേസുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം ഓൾ ഇന്ത്യ സർവീസ് റൂൾസിന്റെയും പെരുമാറ്റ ചട്ടം 7, 9, 17 എന്നിവയുടെയും ലംഘനമാണെന്ന നിഗമനത്തിലാണ് കേന്ദ്രം.
എന്നാൽ സംസ്ഥാന സർക്കാരിനെതിരെ പരാമർശങ്ങൾ ഇല്ലാത്തതിനാൽ ശിവശങ്കറിനെതിരെ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്. പ്രാഥമിക അന്വേഷണത്തിന് ശേഷം കേന്ദ്രമന്ത്രാലയം സംസ്ഥാന സർക്കാരിന്റെയും എം ശിവശങ്കറിന്റെയും വിശദീകരണം തേടും.
















Comments