കണ്ണൂർ : തോട്ടടയിൽ ബോംബ് ആക്രമണത്തിൽ ഒരാൾ മരിച്ചു. ഏച്ചൂർ സ്വദേശി ജിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. ഉച്ചയ്‌ക്ക് രണ്ടരയോടെയായിരുന്നു സംഭവം.
കല്യാണ വീട്ടിൽ ഉണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതാണെന്നാണ് വിവരം. ഉച്ചയ്‌ക്ക് കല്യാണവീട്ടിലേക്ക് പോകുകയായിരുന്ന ജിഷ്ണുവിന് നേർക്ക് വാനിൽ എത്തിയ സംഘം ബോംബ് എറിയുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ ജിഷ്ണു മരിച്ചു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്ന് നടന്ന കല്യാണത്തോട് അനുബന്ധിച്ച് ഇന്നലെ രാത്രി സംഘടിപ്പിച്ച സൽക്കാര ചടങ്ങിലാണ് ജിഷ്ണുവും അക്രമി സംഘവും തമ്മിൽ വാക്കുതർക്കം ഉണ്ടായത്. പാട്ടുവയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് തർക്കത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പത്ത് അംഗ സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ജിഷ്ണുവിന്റെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും. മേയർ ഉൾപ്പെടെയുള്ളവർ വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
Comments