പാലക്കാട് : വീണ്ടും പുലി പേടിയിൽ മലമ്പുഴ നിവാസികൾ. അണക്കെട്ടിന്റെ റിസർവോയറിൽ പുലി ഇറങ്ങി പശുവിനെ കൊന്നതോടെയാണ് നാട്ടുകാർ വീണ്ടും ഭീതിയിലായത്. തെക്കേ മലമ്പുഴയിൽ അബ്ദുൾ ജബ്ബാറിന്റെ പശുവിനെയാണ് പുലി കൊന്നത്.
ഡാമിനകത്തെ മത്സ്യത്തൊഴിലാളിയാണ് ജബ്ബാർ. ഇതിന് പുറമേ പശുവളർത്തുന്നതിലൂടെയും ജബ്ബാർ വരുമാനം നേടുന്നുണ്ട്. കിടാവുകൾ ഉൾപ്പെടെ 10 പശുക്കളാണ് ജബ്ബാറിനുള്ളത്. ഇന്നലെ ഉച്ചയ്‌ക്ക് മേയാൻവിട്ട പശുക്കളിൽ ഒന്നൊഴികെ ബാക്കിയെല്ലാം തിരികെയെത്തിയിരുന്നു. ഇതേ തുടർന്ന് പരിസരത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ഞായറാഴ്ച രാവിലെയാണ് റിസർവോയറിന് അകത്ത് ചത്ത നിലയിൽ പശുവിനെ കണ്ടത്. പശുവിന്റെ കഴുത്തിലെ മാംസം പുലി തിന്നിട്ടുണ്ട്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി. തുടർന്ന് പുലി കടിച്ചുകൊന്നതാണെന്ന് വ്യക്തമാകുകയായിരുന്നു. കാൽപാടുകൾ കണ്ട സ്ഥലത്ത് ക്യാമറകൾ സ്ഥാപിച്ചു. പുലിയിറങ്ങിയ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
ആറ് മാസങ്ങൾക്ക് മുൻപ് അബ്ദുൾ ജബ്ബാറിന്റെ മറ്റൊരു പശുവിനെ പുലി കടിച്ചുകൊന്നിരുന്നു.
Comments