ഇംഫാൽ: സമൂഹത്തിൽ മാറ്റത്തിന്റെ വിത്ത് പാകി അഴിമതിയെ വേരോടെ പിഴുതുകളയുക എന്നതാണ് മോദി സർക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. മണിപ്പൂരിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലംഗ്തബൽ മണ്ഡലത്തിൽ പൊതുജന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷമാണ് മണിപ്പൂരിന്റെ മണ്ണ് വികസനം എന്തെന്ന് അറിഞ്ഞതെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.
‘ബിജെപി അധികാരത്തിൽ എത്തിയതിന് ശേഷമാണ് മണിപ്പൂരിൽ വികസനമുണ്ടായത്. മോദി സർക്കാരിന്റെ ഭരണത്തിന് കീഴിൽ സംസ്ഥാനത്തെ ഗതാഗത സംവിധാനം കൂടുതൽ മെച്ചപ്പെട്ടു. കൂടാതെ, നാളിതുവരെ കേന്ദ്ര മന്ത്രിസഭയിലുള്ള ഒരാൾക്കുമെതിരെ അഴിമതി ആരോപണം ഉയർന്നിട്ടില്ല. അഴിമതിയെ വേരോടെ പിഴുതെടുത്ത് സമൂഹത്തിൽ മാറ്റംകൊണ്ടുവരികയാണ് ബിജെപി സർക്കാരിന്റെ ലക്ഷ്യം’ രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
ഫെബ്രുവരി 27നും മാർച്ച് മൂന്നിനുമായി രണ്ട് ഘട്ടങ്ങളിലായാണ് മണിപ്പൂരിൽ വോട്ടെടുപ്പ് നടക്കുന്നത്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ. ഫെബ്രുവരി 27ന് ആകെയുള്ള 60 നിയമസഭാ സീറ്റുകളിൽ 38 എണ്ണത്തിലേയ്‌ക്കാണ് ജനവിധി തേടുന്നത്. മാർച്ച് മൂന്നിന് നടക്കുന്ന രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള 22 സീറ്റുകളിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പും നടക്കും.
















Comments