കൊൽക്കത്ത: കോൺഗ്രസിന് അവരുടെ വഴി, ഞങ്ങൾക്ക് ഞങ്ങളുടെ വഴിയെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കൂട്ടായ്മയ്‌ക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് മമതയുടെ പ്രഖ്യാപനം. ബംഗാളിലെ മുനിസിപ്പൽ കോർപ്പറേഷനുകളിൽ നടന്ന തെരഞ്ഞെടുപ്പിന് പിന്നാലെയാണ് മമത കോൺഗ്രസുമായുള്ള സഖ്യസാധ്യത പൂർണ്ണമായും തള്ളിക്കളഞ്ഞ് രംഗത്ത് എത്തിയത്.
സമാജ് വാദി പാർട്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇനിയും ഉത്തർപ്രദേശിലേക്ക് പോകുമെന്നും മമതാ ബാനർജി വ്യക്തമാക്കി. സമാജ് വാദി പാർട്ടി ഉൾപ്പെടെയുള്ളവരെ കൂട്ടുപിടിച്ചാണ് മമത പ്രതിപക്ഷ സഖ്യത്തിന് തയ്യാറെടുക്കുന്നത്. അഖിലേഷ് യാദവിന് കൂടുതൽ സീറ്റുകളിൽ വിജയിക്കാൻ വേണ്ടിയാണ് ടിഎംസി സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതെന്നും മമത വ്യക്തമാക്കി.മാർച്ച് മൂന്നിന് വീണ്ടും യുപി സന്ദർശിക്കുമെന്നും മമത പറഞ്ഞു.
പ്രതിപക്ഷ സഖ്യത്തിന് മമത തന്നെ നേതൃത്വം നൽകുമെന്നാണ് പ്രഖ്യാപനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഒരു സംസ്ഥാനത്തും പ്രാദേശിക പാർട്ടികളുമായി കോൺഗ്രസിന് സൗഹൃദമില്ലെന്നും സഖ്യമില്ലെന്നും മമത ആരോപിച്ചു. കോൺഗ്രസിന് അതിന്റെ വഴിക്ക് പോകാം, ഞങ്ങൾ ഞങ്ങളുടെ വഴിക്ക് പോകും, എന്നായിരുന്നു മമതയുടെ വാക്കുകൾ.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോടും തെലങ്കാന മുഖ്യമന്ത്രി കെസിആറിനോടും താൻ പ്രതിപക്ഷ സഖ്യത്തെ സംബന്ധിച്ച് സംസാരിച്ചിട്ടുണ്ടെന്നും ഞങ്ങൾ ഒരുമിച്ച് “ഫെഡറൽ ഘടനയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും” മമത പറഞ്ഞു. കോൺഗ്രസിനോടും സിപിഎമ്മിനോടും കൂടുതൽ താൽപര്യത്തോടെ കൈകോർക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു, എന്നാൽ അവർ ചെവിക്കൊണ്ടില്ല. ഇതിൽ എനിക്കൊന്നും ചെയ്യാനില്ല, എനിക്ക് ആരോടും വ്യക്തിപരമായ വിദ്വേഷമില്ലെന്നും മമത കൂട്ടിച്ചേർത്തു.
















Comments