ലക്‌നൗ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് കീഴിൽ യുപിയിലെ മുസ്ലീം പെൺകുട്ടികൾ സുരക്ഷിതരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ കാൻപൂരിൽ നടക്കുന്ന ബിജെപിയുടെ പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഉത്തർപ്രദേശിലെ ബിജെപി സർക്കാരിന് കീഴിൽ മുസ്ലീം പെൺകുട്ടികൾക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നു. സംസ്ഥാനത്തെ നിരവധി മുസ്ലീം പെൺകുട്ടികളാണ് സ്‌കൂളുകളിലും കോളേജുകളിലും ഇതിനാൽ പോകാൻ ആരംഭിച്ചത്. തെരുവുകളിൽ നേരത്തെ അവർ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകൾ ഒന്നും ഇന്ന് അവർ നേരിടുന്നില്ല. അവരെ ശല്യപ്പെടുത്തുന്നവർ ഇപ്പോൾ തെരുവുകളിലില്ല. അത്തരക്കാരെ യോഗി സർക്കാർ കൈകാര്യം ചെയ്തു കഴിഞ്ഞു. അതുകൊണ്ട് തന്നെ പെൺകുട്ടികൾക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
സഖ്യകക്ഷികളെ നിരന്തരം മാറ്റുന്ന തെരഞ്ഞെടുപ്പ് സമയത്തെ സമാജ്‌വാദി പാർട്ടിയുടെ പ്രവണതയെക്കുറിച്ചും പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. സഖ്യകക്ഷികളെ മാറ്റിക്കൊണ്ടിരിക്കുന്ന പാർട്ടി എങ്ങനെ ജനങ്ങളെ സേവിക്കുമെന്ന് അദ്ദേഹം ചോദിച്ചു.
നിലവിൽ, അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാർട്ടി, ജയന്ത് ചൗധരിയുടെ നേതൃത്വത്തിലുള്ള രാഷ്‌ട്രീയ ലോക്ദളും മറ്റ് ചെറിയ പാർട്ടികളുമായും സഖ്യം ചേർന്നാണ് 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. 2017ൽ കോൺഗ്രസുമായി സഖ്യം ചേർന്നാണ് എസ്പി മത്സരിച്ചത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജൻ സമാജ്വാദി പാർട്ടിയുമായും സഖ്യം ചേർന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരമാമർശം.
യുപിയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. സഹാറൻപൂർ, ബിജ്നോർ, അംരോഹ തുടങ്ങി ഒമ്പത് ജില്ലകളിലെ 55 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മാർച്ച് 10നാണ് ഫലപ്രഖ്യാപനം.
















Comments