തിരക്കഥയുണ്ടോ? മേപ്പടിയാന്റെ വൻ വിജയത്തിന് ശേഷം യു.എം.എഫിനു വേണ്ടി ചിത്രങ്ങൾ ക്ഷണിച്ച് ഉണ്ണി മുകുന്ദൻ

Published by
Janam Web Desk

മേപ്പടിയാൻ എന്ന കന്നി നിർമ്മാണ ചിത്രത്തിന്റെ ഉജ്ജ്വല വിജയത്തിന് ശേഷം കഥാകൃത്തുക്കളെ ക്ഷണിച്ച് ഉണ്ണിമുകുന്ദൻ ഫിലിംസ്. തന്റെ സിനിമ നിർമാണ കമ്പനിയായ ഉണ്ണിമുകുന്ദൻ ഫിലിംസ് മികച്ച തിരക്കഥകൾ സിനിമയാക്കാൻ തയ്യാറാണെന്ന് അറിയിക്കുന്ന പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് നടൻ.

ആശയങ്ങൾ ലോകത്തിന് മുമ്പിൽ അവതരിപ്പിക്കാൻ കഥകൾ കൊണ്ട് സാധിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്നു. നിർമ്മാണ കമ്പനിയുടെ ബാനറിൽ ആ കഥകൾ സിനിമയാക്കി മാറ്റാൻ ഞങ്ങൾ തയ്യാറാണ്. ഇത് നിങ്ങൾക്കായി ലഭിക്കുന്ന അവസരമാണെന്നും ഉണ്ണിമുകുന്ദൻ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പറയുന്നു.

ഉണ്ണി ആദ്യമായി നിർമിച്ച സിനിമ മേപ്പടിയാൻ വൻ വിജയമായിരുന്നു ബോക്‌സ് ഓഫീസിൽ നേടിയത്. ഒട്ടേറെ ഡീഗ്രേഡിങ് ശ്രമങ്ങളെ നിഷ്പ്രഭമാക്കിയായിരുന്നു സിനിമയുടെ വിജയം. ഇതോടെ നിർമ്മാതാവെന്ന നിലയിൽ തന്റെ നിലയുറപ്പിക്കുകയായിരുന്നു ഉണ്ണിമുകുന്ദൻ. ആമസോൺ പ്രൈമാണ് ചിത്രത്തിന്റെ ഒടിടി റിലീസ് ഏറ്റെടുത്തിരിക്കുന്നത്.

അടുത്തതായി ഉണ്ണി നായകനാവുന്ന ചിത്രങ്ങളിലൊന്നായ ‘ബ്രൂസ് ലീയും’ ഉണ്ണി മുകുന്ദൻ ഫിലിംസ് തന്നെയാവും നിർമ്മിക്കുക. പുലിമുരുകൻ, മധുരരാജ എന്നിവയുൾപ്പെടെ മലയാളത്തിലെ ബ്ലോക്ക് ബസ്റ്ററുകൾ സംവിധാനം ചെയ്ത സംവിധായകൻ വൈശാഖ്, ബ്രൂസ് ലീ എന്ന മാസ് ആക്ഷൻ എന്റർടെയ്നർ സംവിധാനം ചെയ്യും.

Share
Leave a Comment