കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിയ്ക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്. കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാൻ എൻഫോഴ്സ്മെൻറ് നിർബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നിൽ എം.ശിവശങ്കർ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്ന ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യുന്നത്.
ഇ ഡി കസ്റ്റഡിയിലിരിക്കെ ശബ്ദം റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചതിലെ ഗൂഢാലോചനയാണ് പ്രധാനമായും അന്വേഷിക്കുക. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന് പറഞ്ഞതിന് പിന്നിൽ എം.ശിവശങ്കറാണെന്ന വെളിപ്പെടുത്തൽ ഗൗരവതരമായിട്ടാണ് അന്വേഷണ ഉദ്യോഗസ്ഥരും കാണുന്നത്.
ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ഇഡി ഡിജിപിക്ക് പരാതി നൽകിയിരുന്നെങ്കിലും ഇഡി ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. കേസ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ടെങ്കിലും സർക്കാർ ഇതിനെതിരെ ഡിവിഷൻ ബഞ്ചിനെ സമീപിച്ചിട്ടുണ്ട്. ശിവശങ്കറിന്റെ ആത്മകഥ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തലുകൾ.
Comments