കോഴിക്കോട്: നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിൽ തന്നെ കുടുക്കിയതാണെന്ന വാദവുമായി കേസിലെ മൂന്നാം പ്രതി അഞ്ജലി റീമ ദേവ്. പരാതിക്കാരി സ്വമേധയാ പബ്ബിലെത്തിയതാണ്. ഹോട്ടലിൽ ലൈംഗിക അതിക്രമം നടന്നിട്ടില്ല. പല സെലിബ്രിറ്റികളും പങ്കെടുത്ത പാർട്ടിയാണ്. അവിടെ ഏതെങ്കിലും തരത്തിലുള്ള പീഡനം നടന്നതായി അറിവില്ല. പാർട്ടി കഴിഞ്ഞ് അവർ സന്തോഷത്തോടെയാണ് മടങ്ങിയത്. സിസിടിവി ദൃശ്യങ്ങൾ ഇതിന് തെളിവാണ്. ഹോട്ടലുടമയായ റോയ് വയലാട്ടിനെ തനിക്കറിയില്ലെന്നും അഞ്ജലി അവകാശപ്പെടുന്നു.
തന്റെ ജീവിതമാണ് ഇപ്പോൾ നശിപ്പിക്കപ്പെടുന്നത്. കമ്പനിയിലെ സ്റ്റാഫ് ആയിരുന്നു അവർ. ചെക്ക് ലീഫുകൾ കാണാതായത് സംബന്ധിച്ച് അവരുമായി തർക്കമുണ്ടായിരുന്നു. ഇല്ലാത്തത് പലതും സംസാരിച്ച് തന്നേയും കമ്പനിയേയും തകർക്കാൻ ശ്രമിച്ചതോടെയാണ് അവരെ പുറത്താക്കിയത്. പണം കടം വാങ്ങിയതിന് മുതലും പലിശയും വട്ടിപ്പലിശക്കാരിയായ ഇവർ ആവശ്യപ്പെട്ടിരുന്നു. ഇത് സമ്മതിക്കാത്തത് കൊണ്ട് വലിയ രീതിയിൽ ഭീഷണി ഉണ്ടായിരുന്നു. ആറ് മാസമെങ്കിലും അകത്ത് കിടക്കേണ്ട കേസിൽ പെടുത്തുമെന്നും, ഫെയ്മസ് ആക്കിത്തരാമെന്നുമെല്ലാം ഇവർ ഭീഷണിപ്പെടുത്തി. തനിക്കെതിരെയുള്ള എല്ലാ കേസുകളും കെട്ടിച്ചമച്ചതാണെന്നും ഇവർ വീണ്ടും അവകാശപ്പെട്ടു.
താൻ തെറ്റ് ചെയ്തിട്ടില്ലെന്നാരോപിച്ച് അഞ്ജലി നേരത്തേയും സമൂഹമാദ്ധ്യമങ്ങളിൽ അവകാശവാദവുമായി രംഗത്തെത്തിയിരുന്നു. അതേസമയം അഞ്ജലിയ്‌ക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
















Comments