ന്യൂഡൽഹി : ഹിജാബ് വിഷയം വിവാദമല്ല, മറിച്ച് രാജ്യത്തിനെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സിടി രവി. തിരഞ്ഞെടുപ്പ് സമയത്ത് ഈ വിഷയം ഉയർത്തിക്കാട്ടി ന്യൂനപക്ഷ വോട്ട് നേടാനാണ് പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നത് എന്ന് സിടി രവി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഹിജാബ് വിവാദത്തിൽ വാദം കേൾക്കുന്നത് മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരാമർശിച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഹിജാബ് വിഷയത്തിൽ വാദം കേൾക്കുന്നത് മാറ്റി വെയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാർത്ഥികൾ കർണാടക ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ ഹർജി ഫയലിൽ സ്വീകരിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടാൽ മാത്രമേ നടപടിയെടുക്കാൻ സാധിക്കൂ എന്നുമാണ് കോടതി പറഞ്ഞത്. ഇത് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സിടി രവിയുടെ പരാമർശം.
കുട്ടികൾ എന്തിനാണ് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഹർജി പരിഗണിക്കുന്നത് മാറ്റിവെക്കാൻ കോടതിയോട് ആവശ്യപ്പെടുന്നത് എന്നാണ് സിടി രവി ചോദിച്ചത്. അവർക്ക് വോട്ടവകാശം പോലുമില്ല. മുൻകൂട്ടി തീരുമാനിച്ച സംഭവമല്ല ഹിജാബ് വിഷയം എന്നതിൽ ഇനിയും ആർക്കെങ്കിലും സംശയമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ഹിജാബ് വിഷയം ഇപ്പോൾ വിവാദമല്ല, മറിച്ച് രാജ്യത്തിനെതിരെയുള്ള ഗൂഢാലോചനയാണ്. കോൺഗ്രസാണ് ഇതിൽ പ്രധാന പങ്ക് വഹിക്കുന്നത്. മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ ഹിജാബ് വിഷയത്തിൽ സുപ്രീം കോടതിയിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രശ്നത്തിന് ആക്കം കൂട്ടി. സിദ്ധരാമയ്യ, പ്രിയങ്ക വാദ്ര, രാഹുൽ ഗാന്ധി തുടങ്ങിയ കോൺഗ്രസ് നേതാക്കൾ ട്വീറ്റ് ചെയ്യാൻ തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് കോളേജിലെ പ്രശ്‌നം ദേശീയമായത്. ഇതിനെ പാകിസ്താൻ പിന്തുണച്ചോടെ അന്താരാഷ്‌ട്ര പ്രശ്‌നമായി മാറി.
ഹിജാബ് ധരിക്കാതിരുന്നാൽ അഫ്ഗാനിസ്താനിലും പാകിസ്താനിലും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസമുണ്ടാവില്ല. എന്നാൽ ഇന്ത്യ പോലുള്ള മതേതര രാജ്യത്ത് ഇത്തരം മതപരമായ നിയമങ്ങൾ സ്വാഗതം ചെയ്യാനാവില്ല. വിദ്യാർത്ഥികൾ കോടതി ഉത്തരവ് പാലിച്ച് അതത് യൂണിഫോമിൽ സ്‌കൂളുകളിൽ പോകണമെന്നും സി ടി രവി നിർദ്ദേശിച്ചു.
















Comments