പാരീസ് : ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലെ ആദ്യപാദത്തിൽ പി.എസ്.ജിക്കും മാഞ്ചസ്റ്റർ സിറ്റിക്കും ജയം. പി.എസ്.ജി ഒരു ഗോളിന് റയൽ മാഡ്രിഡിനെ തോൽപ്പിച്ചപ്പോൾ സിറ്റി എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് സ്പോർട്ടിംഗിനെ തകർത്തത്.
ആദ്യ മത്സരത്തിൽ നിരവധി അവസരങ്ങളാണ് പി.എസ്.ജി റയൽ മാഡ്രിഡിനെതിരെ പാഴാക്കിയത്. ലയണൽ മെസി പെനാൽറ്റി പാഴാക്കുന്നത് ഞെട്ടലോടെ കണ്ട ആരാധകർക്ക് ആശ്വാസമായത് കിലിയൻ എംബാപ്പെയുടെ വിജയ ഗോളാണ്. കളിയുടെ അവസാന നിമിഷ ത്തിലെ അധികസമയത്താണ് എംബാപ്പെ ഗോൾ നേടിയത്. സ്വന്തം തട്ടകത്തിൽ നേടിയ ജയം ആദ്യ പാദത്തിൽ തന്നെ പാരീസ് ക്ലബ്ബിന് മേൽകൈ നൽകിയിരിക്കുകയാണ്.
തീർത്തും ഏകപക്ഷീയമായ രീതിയിലാണ് മാഞ്ചസ്റ്റർ സിറ്റി മത്സരത്തിൽ ആധിപത്യം നേടിയത്. എതിരിലില്ലാത്ത അഞ്ചുഗോളുകൾക്കാണ് സിറ്റി സ്പോർട്ടിംഗിനെ പ്രീക്വാർട്ടർ ആദ്യപാദത്തിലെ എവേ മത്സരത്തിൽ തോൽപ്പിച്ചത്. എവേ മത്സരത്തിൽ നേടിയ ജയം സിറ്റിക്ക് ക്വാർട്ടർ പ്രവേശനനം ഉറപ്പാക്കിയിരിക്കുകയാണ്. കളിയുടെ 7-ാം മിനിറ്റിൽ റിയാദ് മഹ്റസാണ് ആദ്യ ഗോൾ നേടിയത്. ബർണാർഡോ സിൽവയുടെ ഇരട്ട ഗോളുകൾ(17,44) മിനിറ്റുകളിൽ വീണു. ഫിൽ ഫോഡൻ 32, റഹീം സ്റ്റെർലിംഗ് 58 എന്നിവരും ഗോളുകൾ നേടി.
നാളെ നടക്കുന്ന മത്സരങ്ങളിൽ പ്രീക്വാർട്ടർ ആദ്യപാദത്തിലെ അവശേഷിക്കുന്ന പോരാട്ട ങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിച്ച് ആർബി സാൽസ്ബർഗിനേയും ലിവർപൂൾ ഇന്റർ മിലാനേയും നേരിടും. അടുത്തയാഴ്ച ചെൽസി ലോസ്കിനേയും യുവന്റസ് വിയ്യാറലിനേയും മാഞ്ചസ്റ്റർ യുണൈറ്റഡ് അത്ലറ്റിക് മാഡ്രിഡിനേയും അജാക്സ് ബെനഫിക്കയേയും നേരിടും.
Comments