കാബൂൾ: അഫ്ഗാൻ ജനതയെ അതിർത്തി കടത്താതിരിക്കാനുള്ള പാകിസ്താൻ നടപടിക്കെ തിരെ താലിബാൻ രംഗത്ത്. അന്താരാഷ്‌ട്ര അതിർത്തിയായ ഡ്യൂറന്റ് രേഖാ പ്രദേശത്ത് വേലികെട്ടുന്ന പാക് നയത്തിനെതിരെയാണ് താലിബാൻ രൂക്ഷ വിമർശനം ഉന്നയിച്ചത്.
അതിർത്തി കടന്നുള്ള പാകിസ്താന്റെ തന്നിഷ്ടത്തിന് തക്ക മറുപടി നൽകുമെന്നാണ് താലിബാൻ മുന്നറിയിപ്പ് നൽകിയത്. നിരന്തരം തർക്കം നിലനിൽക്കുന്ന അതിർത്തി മേഖലയിലെ അന്താരാഷ്‌ട്ര അതിരാണ് ഡ്യൂറന്റ് രേഖ. എന്നും അത് തുറന്നിടുമെന്ന നയം പാകിസ്താൻ ലംഘിച്ചെന്നാണ് നിലവിലെ ആരോപണം. അതിർത്തിയിൽ വേലികെട്ടാൻ അനുവദിക്കില്ലെന്നാണ് താലിബാൻ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. 90 ശതമാനം പ്രദേശത്തും വേലികെട്ടി കഴിഞ്ഞെന്ന പാക് ആഭ്യന്തര മന്ത്രി ഷേഖ് റഷീദിന്റെ അവകാശവാദ ത്തിനെതിരെ താലിബാൻ മന്ത്രി മുഹമ്മദ് യാഖൂബ് മുജാഹിദാണ് രംഗത്തെത്തിയത്.
പാകിസ്താനുമായി നിരന്തരം കൊടുക്കൽ വാങ്ങൽ തുടരുന്ന പ്രവിശ്യയിലാണ് ഡ്യൂറന്റ് രേഖ എന്ന അതിര്. ഇതേ അതിർത്തി എന്നും തുറന്നുകിടക്കുമെന്നാണ് മുന്നേയുള്ള കരാർ. എന്നാൽ താലിബാൻ ഭരണത്തിലെത്തിയതോടെ പാകിസ്താൻ അതിർത്തി കെട്ടിയടക്കാൻ തീരുമാനിക്കുകയായിരുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ അഭയാർത്ഥികൾ പാക് അതിർത്തി കടന്ന് എത്തിയത് വൻ പ്രതിസന്ധിയാണ് ഇമ്രാൻ ഭരണകൂടത്തിന് മേൽ സൃഷ്ടിച്ചിട്ടുള്ളത്. അക്രമത്തിലൂടെ താലിബാൻ കാബൂൾ പിടിച്ചതോടെ ആഗസ്റ്റ് മാസം തുടക്കത്തിൽ വൻ അഭയാർത്ഥി പ്രവാഹമാണ് പാക് അതിർത്തിയിലേക്കുണ്ടായത്. പിഞ്ചുകുട്ടികളെയടക്കം കനത്ത ചൂടിൽ അതിർത്തിയിലെ മരുപ്രദേശത്ത് നിർത്തിയ ചിത്രങ്ങൾ അന്താരാഷ്‌ട്ര തലത്തിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. പാക് സൈന്യത്തിന്റെ നടപടിയെ കഴിഞ്ഞ ഐക്യരാഷ്‌ട്ര സഭ വിമർശിക്കുകയും ചെയ്തു.
സമ്മർദ്ദ തന്ത്രങ്ങളിലൂടെ താലിബാനെ തങ്ങളുടെ വരുതിയിലാക്കാമെന്നായിരുന്നു പാക് തന്ത്രം. എന്നാൽ പല നിർണ്ണായക വിഷയത്തിലും താലിബാൻ പാകിസ്താനെ മാറ്റിനിർത്തി യിരിക്കുകയാണ്. ചൈനയുടെ വൻ മുതൽ മുടക്ക് പ്രതീക്ഷിച്ചാണ് താലിബാന്റെ നയം. പാകിസ്താൻ നിയന്ത്രിക്കുന്ന ഭീകരസംഘടനകളുടെ പ്രവിശ്യകളിലെ സാന്നിദ്ധ്യമാണ് താലിബാന് തലവേദന.
ചൈനയുടെ മുൻ ഉപാധി ഇസ്ലാമിക ഭീകര സംഘടനകളിൽ നിന്നും കമ്പനികൾക്ക് സുരക്ഷ നൽകണമെന്നാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ താലിബാൻ ഈ വിഷയത്തിൽ നിസ്സഹായരാണ്. സാമ്പത്തികമായോ സൈനികമായോ ഒരു ഉപകാരവുമില്ലാത്ത പാകിസ്താനെ അകറ്റി നിർത്തുക എന്നതുമാത്രാണ് പോംവഴി. ഇതിനിടെ ബ്രിട്ടൻ പരോക്ഷമായി സഹായിക്കാമെന്ന് ഏറ്റതും താലിബാൻ ഉപയോഗപ്പെടുത്താൻ ശ്രമിക്കുകയാണ്. ഇതിനിടെയാണ് അനാവശ്യ പ്രവിശ്യാ സംഘർഷത്തിന് പാകിസ്താൻ ശ്രമിക്കുന്നത്.
















Comments