തിരുവനന്തപുരം: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ച കോൺഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച. ഫെബ്രുവരി 14ന് നടന്ന ചാനൽചർച്ചയിലാണ് ഷമാ മുഹമ്മദ് യോഗി ആദിത്യനാഥിനെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചത്. സംഭവത്തിൽ യുവമോർച്ച പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും ഉത്തർപ്രദേശ് പോലീസ് മേധാവിക്കും പരാതി നൽകി.
‘ഞാൻ ഒരിക്കലും അദ്ദേഹത്തെ യോഗി ആദിത്യനാഥ് എന്ന് വിളിക്കില്ല. അദ്ദേഹത്തിന്റെ ചരിത്രം എടുത്ത് നോക്കിയാൽ തന്നെ അറിയാം, ഒരു ക്രിമിനലാണ് അദ്ദേഹം. ഒരു തീവ്രവാദ സംഘടനയുടെ തലവനാണ് അദ്ദേഹം. അനേകം ക്രിമിനൽ കേസുകളിലെ പ്രതിയാണ് അദ്ദേഹം. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് ഇത്തരത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ളയാൾ’ എന്നാണ് ഷമാ മുഹമ്മദ് ചാനൽചർച്ചയിൽ പറഞ്ഞത്.
ചർച്ചയിൽ പങ്കെടുത്ത ബിജെപി നേതാവ് ഇതിനെതിരെ പ്രതികരിച്ചു. സംഭവത്തിൽ ഷമയോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടിട്ടും അവർ നിലപാടിൽ ഉറച്ച് നിന്നു. രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളിൽ ഒന്നായ ഉത്തർപ്രദേശിലെ മുഖ്യമന്ത്രിയെയാണ് ഷമാ ഇത്തരത്തിൽ അപമാനിച്ചത്. ഇതിന് പുറമെ ചർച്ച നയിച്ച ചാനൽ അവതാരകനും ഷമയെ തിരുത്താൻ മുതിർന്നില്ല. അതിനാൽ തന്നെ ചർച്ച സംഘടിപ്പിച്ച ചാനലും ഈ കുറ്റകൃത്യത്തിൽ പങ്കാളികളാണെന്ന് പ്രശാന്ത് ശിവൻ സമർപ്പിച്ച പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
യോഗി ആദിത്യനാഥിനെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ച ഷമാ മുഹമ്മദിനും ചാനലിനുമെതിരെ ഐപിസി സെക്ഷൻ 124A, 505(1), 505(1)(b), 153, 34, 499, സെക്ഷൻ 19-കേബിൾ നെറ്റവർക്ക്‌സ് റെഗുലേഷൻ ആക്ട് 1995, സെക്ഷൻ 20-സിഎൻആർ എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.
















Comments