പാട്‌ന: കാലിത്തീറ്റ കുംഭകോണ കേസിൽ വീണ്ടും ജയിലിലായ ലാലു പ്രസാദ് യാദവിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി ‘ന്യായ യാത്ര’ നടത്താനൊരുങ്ങി മകൻ തേജ് പ്രതാപ്. ഈ മാസം 21നാണ് യാത്ര ആരംഭിക്കുന്നത്. ബിഹാറിന് പുറത്തും ന്യായ യാത്ര നടത്തുമെന്നാണ് തേജ് പ്രതാപ് അറിയിച്ചിരിക്കുന്നത്. അച്ഛനായ ലാലുവിന് നീതി ലഭിക്കുന്നതിന് വേണ്ടി രക്തം ചിന്താനും തയ്യാറാണെന്നാണ് തേജ് പ്രതാപ് പറയുന്നത്. അച്ഛൻ രോഗിയാണെന്നും അദ്ദേഹത്തിന് വീണ്ടും ജയിലിലേക്ക് അയക്കുന്നത് അതിക്രമമാണെന്നുമാണ് തേജ് പ്രതാപിന്റെ വാദം.
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കേസുകളിൽ ഒന്നാണ് കാലിത്തീറ്റ കുംഭകോണ കേസ്. ഇതിൽ അഞ്ചാമത്തേതും അവസാനത്തേതുമായ കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് റാഞ്ചിയിലെ സിബിഐ കോടതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇദ്ദേഹത്തിനുള്ള ശിക്ഷ 21നാണ് പ്രഖ്യാപിക്കുന്നത്. 26 വർഷങ്ങൾക്ക് ശേഷമായിരുന്നു വിധി പ്രസ്താവം.
ദരാണ്ട ട്രഷറിയിൽ നിന്ന് ബിഹാർ മുൻ മുഖ്യമന്ത്രിയ ലാലു പ്രസാദ് യാദവ് 139.35 കോടി രൂപ പിൻവലിച്ചതിൽ ക്രമക്കേടുണ്ടെന്നായിരുന്നു കേസ്. ലാലു പ്രസാദ് യാദവിന്റെ രാഷ്‌ട്രീയ ജീവിതത്തെ മാറ്റിമറിച്ച അഴിമതിക്കേസായിരുന്നു കാലിത്തീറ്റ കുംഭകോണം. നേരത്തെ ഇതുമായി ബന്ധപ്പെട്ട നാല് കേസുകളിലും യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടർന്നാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2017 മുതൽ മൂന്നര വർഷക്കാലം അദ്ദേഹം ജയിലിൽ കഴിഞ്ഞു. പിന്നീട് ജാമ്യത്തിലിറങ്ങിയതിന് ശേഷാണ് കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിൽ യാദവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരിക്കുന്നത്.
















Comments