തിരുവനന്തപുരം: ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി ആയിരക്കണക്കിന് ഭക്തരാണ് ഇന്ന് വീട്ടുമുറ്റങ്ങളിൽ പൊങ്കാലയർപ്പിക്കുന്നത്. കൊറോണ സാഹചര്യം കണക്കിലെടുത്താണ് കൂട്ടത്തോടെയുള്ള പൊങ്കാലസമർപ്പണം വേണ്ടെന്നു വെച്ചത്. എങ്കിലും ആയിരക്കണക്കിന് സ്ത്രീകളാണ് ദേവിയുടെ അനുഗ്രഹം തേടി ആറ്റുകാലമ്പലത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.പ്രാദേശിക തലങ്ങളിൽ ക്ഷേത്രങ്ങളോടനുബന്ധിച്ചും റസിഡന്റ്സ് അസോസിയേഷൻ, ഫ്ലാറ്റ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തിലും പൊങ്കാലയിടാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ആറ്റുകാലിലെന്ന പോലെ ചിട്ടകളും ആചാരങ്ങളും പാലിച്ചാണ് ഭക്തർ വീടുകളിലും സമീപത്തെ ക്ഷേത്ര പരിസരങ്ങളിലുമായി പൊങ്കാലയിടുന്നത്.
പൊങ്കാല ഉത്സവത്തോനുബന്ധിച്ചുള്ള പതിവു ആചാരങ്ങളിൽ ഒന്നും കാര്യമായ മാറ്റം വരുത്തിയിട്ടില്ല.ഉത്സവത്തോടനുബന്ധിച്ച് അമ്പലത്തിലും അന്നദാനം പതിവാണ്. ഇന്നലെ നടന്ന അന്നദാന ചടങ്ങിൽ എംപി സുരേഷ്ഗോപിയും ഗായകൻ ജി. വേണുഗോപാലും ഭക്തർക്ക് അന്നദാനം നൽകുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. കോൺഗ്രസ് നേതാവ് കെപി മോഹനനും അന്നദാനചടങ്ങിൽ പങ്കെടുത്തിരുന്നു.പൊങ്കാല ദിവസമായ ഇന്ന് തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്നദാനം ഉണ്ടാകും. വിവിധ സാമൂഹ്യസംഘടനകളും ക്ലബുകളും അന്നദാനത്തിൽ പങ്കാളികളാകും.
















Comments