കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗിൽ സ്വർണം കടത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ വക്കാലത്തൊഴിഞ്ഞ് അഭിഭാഷകൻ. എൻഐഎ കോടതിയിൽ നടന്ന വാദത്തിനിടെയായിരുന്നു കേസുവാദിക്കുന്നതിൽ നിന്നും പിന്മാറുന്നതായി അഭിഭാഷകൻ സൂരജ് ടി ഇലഞ്ഞിക്കൽ അറിയിച്ചത്. വക്കാലത്തൊഴിയാനുള്ള കാരണം വ്യക്തമല്ല.
അടുത്തിടെ സ്വപ്‌ന സുരേഷും, സൂരജും തമ്മിൽ വൻതുകയുടെ ഇടപാട് നടന്നതായി ആരോപണം ഉയർന്നിരുന്നു. മുൻ എംഎൽഎ പിസി ജോർജ് ആയിരുന്നു ഇത്തരത്തിൽ ആരോപണവുമായി രംഗത്ത് വന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിനിടെയാണ് സൂരജിന്റെ പിന്മാറ്റം. സ്വപ്‌നയിൽ നിന്നും 20 ലക്ഷം രൂപ അഭിഭാഷകൻ തട്ടിയെടുത്തെന്നായിരുന്നു പിസി ജോർജ് പറഞ്ഞത്.
ഒരിടവേളയ്‌ക്ക് ശേഷം സ്വർണക്കടത്ത് കേസ് വീണ്ടും സജീവ ചർച്ചയായിരിക്കുകയാണ്. അടുത്തിടെ കേസിലെ മറ്റൊരു പ്രതിയായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അനുഭവങ്ങൾ വിവരിച്ച് പുസ്തകം രചിച്ചിരുന്നു. ഇതിൽ സ്വപ്‌ന സുരേഷിനെതിരെ ഗുരുതര ആരോപണങ്ങളാണ് ശിവശങ്കർ ഉന്നയിച്ചിട്ടുള്ളത്. ഇതിനെതിരെ ശക്തമായ പ്രതികരണവുമായി സ്വപ്‌ന സുരേഷ് മാദ്ധ്യമങ്ങളിലൂടെ രംഗത്ത് വന്നതോടെയാണ് വീണ്ടും സ്വർണക്കടത്ത് കേസ് ചർച്ചയായത്.
Comments