ന്യൂയോർക്ക്: കാണാതായി രണ്ട് വർഷത്തിന് ശേഷം ആറ് വയസുകാരിയെ കണ്ടെത്തി. വീടിന്റെ കോണിപ്പടിക്കടിയിലുള്ള ബേസ്‌മെന്റിൽ നിന്നാണ് പെൺകുട്ടിയെ ജീവനോടെ കണ്ടെത്തിയത്. മാതാപിതാക്കൾ തന്നെയായിരുന്നു കുട്ടിയെ ഒളിപ്പിച്ചു വെച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ന്യൂയോർക്കിലെ സ്‌പെൻസറിലാണ് സംഭവം.
2019ൽ നാലാം വയസിലാണ് പൈസ്ലീ ഷുൾട്ടിസ് എന്ന പെൺകുട്ടിയെ കാണാതായത്. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷകർത്താക്കൾ പരാതി നൽകി. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നിരവധി തവണ വീട്ടിലെത്തിയിരുന്നു. എന്നിട്ടും അവിടെ പെൺകുട്ടിയുടെ സാന്നിധ്യം അറിഞ്ഞില്ല.
പെൺകുട്ടിയുടെ യാഥാർത്ഥ അച്ഛനും അമ്മയുമായിരുന്നില്ല രക്ഷകർത്താക്കൾ. അതിനാൽ എന്നെങ്കിലും യഥാർത്ഥ മാതാപിതാക്കൾക്ക് കുട്ടിയെ വിട്ടുനൽകേണ്ടി വരുമോയെന്ന ഭയമാണ് ഇത്തരത്തിൽ ഒളിപ്പിക്കാൻ ഇവരെ പ്രേരിപ്പിച്ചത്.
പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ച കാലത്ത് പോലീസ് സംശയിച്ചിരുന്നത് കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കളെയായിരുന്നു. അവർ തട്ടിക്കൊണ്ട് പോയിരിക്കാമെന്ന് ധരിച്ച് അന്വേഷണം അത്തരത്തിൽ നീങ്ങി. ഒടുവിൽ രണ്ട് വർഷങ്ങൾക്കപ്പുറം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്ന് തന്നെ കുട്ടിയെ കണ്ടെത്തിയത്.
വീട്ടിൽ മണിക്കൂറുകൾ നീണ്ട പരിശോധനക്കൊടുവിൽ വ്യത്യസ്ത രീതിയിൽ പണികഴിപ്പിച്ച കോണിപ്പടി പോലീസ് ശ്രദ്ധിക്കാനിടയായി. തുടർന്ന് നടത്തിയ പരിശോധനയിൽ കോണിപ്പടിയിൽ നിന്നും ഒരു ബേസ്‌മെന്റ് റൂം ഉള്ളതായി പോലീസ് കണ്ടെത്തി. അവിടെ കുട്ടിയും രക്ഷകർത്താവും ഒളിച്ചിരിക്കുകയായിരുന്നു. ഈർപ്പം നിലനിന്നിരുന്ന വളരെ ചെറിയ മുറിയിലാണ് കുട്ടി കഴിഞ്ഞിരുന്നത്.
ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തി. രക്ഷകർത്താക്കളായ രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ യഥാർത്ഥ മാതാപിതാക്കൾക്ക് കൈമാറി.
















Comments