തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ഒപ്പിട്ടു. പൊതുഭരണ സെക്രട്ടറി ജ്യോതി ലാലിനെ മാറ്റിയതോടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്റെ നിലപാട് മയപ്പെടുത്തിയത്. ഇതോടെ നാളെ നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറുമായി ഫോണിൽ സംസാരിച്ചു.
മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ഹരി എസ്. കർത്തയെ ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതിൽ വിയോജിപ്പ് രേഖപ്പെടുത്തി പൊതുഭരണ സെക്രട്ടറിയായ ജ്യോതി ലാലാണ് കത്തയച്ചത്. ഗവർണർ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. പേഴ്‌സണൽ സ്റ്റാഫിൽ ആരെ നിയമിക്കണമെന്ന് തീരുമാനിക്കാനുളള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും അതിൽ സർക്കാർ ഇടപെടേണ്ടെന്നും ഗവർണർ തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നയപ്രഖ്യാപന പ്രസംഗത്തിനായി സ്പീക്കർ എംബി രാജേഷ് നേരിട്ടെത്തി ഗവർണറെ ക്ഷണിച്ചത്. എന്നാൽ നയപ്രഖ്യാപനത്തിൽ ഒപ്പിടില്ലെന്ന നിലപാടിലായിരുന്നു ഗവർണർ. ഇതിനൊടുവിലാണ് പൊതുഭരണ സെക്രട്ടറിയെ മാറ്റാൻ സർക്കാർ തയ്യാറായത്. ശാരദാ മുരളിക്കാണ് പകരം ചുമതല.
സർവ്വകലാശാലകളിലെ അനധികൃത നിയമനത്തിലും ഇടപെടലിലും ഗവണർ അതൃപ്തി പ്രകടിപ്പിക്കുകയും പരസ്യമായി പ്രതികരിക്കുകയും ചെയ്തതോടെയാണ് പിണറായി സർക്കാരും ഗവർണറും തമ്മിൽ പരസ്യമായി പോരിന് തുടക്കമായത്.
















Comments