കൊച്ചി; നമ്പർ പ്ലേറ്റ് ഇല്ലാത്ത ഇരു ചക്രവാഹനവുമായി നിരത്തിലിറങ്ങിയ കുട്ടി റൈഡർ പിടിയിൽ. വീട്ടിലെത്തിയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കുട്ടി റൈഡറെ പിടികൂടിയത് കുട്ടമശ്ശേരി സ്വദേശിയായ കുട്ടിയാണ് പിടിയിലായതെന്നാണ് റിപ്പോർട്ട്.
ആലുവയിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിലാണ് കുട്ടമശ്ശേരി സ്വദേശിയായ കുട്ടി റൈഡർ നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ പെൺ സുഹൃത്തുമായി വിലസുന്നത് ശ്രദ്ധയിൽപ്പെട്ടത്. പരിശോധനയ്‌ക്കായി വാഹനം നിർത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും ബൈക്ക് നിർത്താതെ ഓടിച്ചു പോവുകയായിരുന്നു.
ബൈക്കിന്റെ മറ്റൊരു ഭാഗത്ത് രേഖപ്പെടുത്തിയിരുന്ന രജിസ്‌ട്രേഷൻ നമ്പർ കണ്ട ഉദ്യോഗസ്ഥർ അന്വേഷണം ആ വഴിക്ക് നീക്കി.രജിസ്‌ട്രേഷൻ നമ്പർ വഴി എംവിഡി ഉടമയെ കണ്ടുപിടിച്ചു. എന്നാൽ വമ്പൻ ട്വിസ്റ്റ് അപ്പോഴായിരുന്നു. ബൈക്ക് എന്നേ വിറ്റ് പോയതാണെന്ന് ഉടമ അറിയിച്ചു. കൂട്ടത്തിൽ പുതിയ ഉടമയുടെ നമ്പർ നൽകുകയും ചെയ്തു.
പിന്നീടുള്ള അന്വേഷണത്തിൽ നാല് ആളുകളുടെ കൈകളിൽ വാഹനം കൈമറിഞ്ഞെങ്കിലും ഉടമസ്ഥാവകാശം മാറ്റിയിരുന്നില്ല എന്ന് കണ്ടെത്തി.തുടർന്ന് നടത്തിയ വിശദ പരിശോധനയിൽ ൽ ഈ വാഹനത്തിനെതിരേ എടുത്ത ഒരു കേസ് കണ്ടെത്തി. അതിൽനിന്ന് അന്നത്തെ ഉടമയെ ബന്ധപ്പെട്ടു. തുടർന്ന് ഈ വാഹനം വിൽക്കുന്നതിന് ഇടനിലക്കാരനായ വ്യക്തി വഴിയാണ് ഇപ്പോഴത്തെ ഉടമയെ കണ്ടത്തിയത്.
ഇപ്പോൾ വാഹനം സ്വന്തമായിട്ടുള്ളയാളുടെ അനുജന്റെ സുഹൃത്താണ് എംവിഡി പരിശോധന നടത്തിയപ്പോൾ വാഹനം ഉപയോഗിച്ചിരുന്നത്. ഇതോടെ കുട്ടമശ്ശേരിയിലെത്തി കുട്ടി റൈഡറെ പിടികൂടുകയായിരുന്നു.
സുഹൃത്തിന്റെ വാഹനത്തിന് സ്‌പെയർ പാർട്‌സ് വാങ്ങാനെന്ന പേരിലാണ് ബൈക്ക് ഓടിക്കാൻ വാങ്ങിയത് എന്നാണ് വിവരം. കുട്ടി റൈഡർക്കെതിരെലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് കേസ് എടുത്തിട്ടുണ്ട്. ഉടമയ്‌ക്കെതിരെ ബൈക്കിന്റെ ഉടമസ്ഥാവകാശം മാറ്റാത്തതിനും കേസുണ്ടെന്നാണ് വിവരം.
Comments